ഗൽവാൻ താഴ്‍വരയിൽ ചൈന രണ്ട് കി.മീ. പിന്നോട്ട്, പിൻമാറ്റം മന്ദഗതിയിൽ, ധാരണ പാലിച്ച് ഇന്ത്യ

By Web TeamFirst Published Jul 7, 2020, 11:29 PM IST
Highlights

ഗൽവാൻ താഴ്‍വരയിൽ നിന്നുള്ള ഉപഗ്രഹചിത്രങ്ങളനുസരിച്ച് ചൈന അൽപം പിൻമാറിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളിൽ പിൻമാറ്റം ഏതാനും ദിവസങ്ങളിൽ പൂർത്തിയാവുമെന്ന് വാർത്താ ഏജൻസി.

ദില്ലി: ഇന്ത്യ - ചൈന അതിർത്തിയിൽ ചൈനീസ് സേനയുടെ പിൻമാറ്റം തുടരുന്നു. ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പിൻമാറ്റം ദിവസങ്ങൾക്കകം പൂർത്തിയാകുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഗൽവാൻ താഴ്‍വരയിലെ പിൻമാറ്റം അതേസമയം, മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഉപഗ്രഹചിത്രങ്ങളനുസരിച്ച് ഗൽവാനിൽ നിന്ന് ചൈന രണ്ട് കിലോമീറ്റ‍ർ വരെ പിൻമാറിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ടെന്‍റുകളടക്കം പൊളിച്ചുമാറ്റേണ്ടതിനാൽ ഗോഗ്രയിലെ പിൻമാറ്റപ്രക്രിയ പൂർത്തിയാകാൻ ദിവസങ്ങളെടുത്തേക്കും. എന്നാൽ പട്രോളിംഗ് പോയന്‍റ് 15 ആയ ഹോട്ട്സ്പ്രിംഗ്സിൽ നിന്ന് ഉടൻ തന്നെ പിൻമാറ്റപ്രക്രിയ പൂർത്തിയാകുമെന്നാണ് സൂചന. തിങ്കളാഴ്ച മുതൽ ചൈനീസ് സേന താഴ്‍വരയിൽ നിർമിച്ച ടെന്‍റുകൾ പൊളിച്ചുനീക്കിത്തുടങ്ങിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഞായറാഴ്ച വൈകിട്ട് ഫോൺ വഴി രണ്ട് മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇരുസൈന്യവും അതിർത്തിയിൽ സേനാപിൻമാറ്റം നടത്താമെന്ന് ധാരണയായത്. അതിർത്തിസംഘർഷങ്ങൾ നടന്നാൽ സമവായചർച്ചകൾക്ക് ചുമതലയുള്ള ഇരുരാജ്യങ്ങളുടെയും പ്രത്യേകപ്രതിനിധികളാണ് അജിത് ദോവലും വാങ് യിയും.

ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച്, രണ്ട് സൈന്യങ്ങളും സംഘർഷമേഖലകളിൽ നിന്ന് ഒന്നര - രണ്ട് കിലോമീറ്റർ വരെ പിന്നോട്ട് മാറും. ഈ പ്രക്രിയ പൂർത്തിയായ ശേഷമാകും ഇനി ബാക്കിയുള്ള ചർച്ചകൾ നടക്കുക.

അതിർത്തിസംഘർഷത്തിൽ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം അതീവജാഗ്രതയോടെയാണ് ഈ പിൻമാറ്റപ്രക്രിയയെ നിരീക്ഷിക്കുന്നത്. ഒരു കാരണവശാലും അതിർത്തിയിലെ ജാഗ്രത സൈന്യം കുറയ്ക്കുകയില്ല. ഏത് അടിയന്തരസാഹചര്യം വന്നാലും നേരിടാൻ ജാഗരൂകരാണ് സൈന്യം. 

ഗൽവാൻ താഴ്‍വരയിൽ സംഘർഷമുണ്ടായ പതിനാലാം പട്രോളിംഗ് പോയന്‍റിലുണ്ടായിരുന്ന ടെന്‍റുകൾ ചൈനീസ് സൈന്യം നേരത്തേ തന്നെ പൊളിച്ച് നീക്കിയിരുന്നു. ഇവിടെയുള്ള എല്ലാ നിർമിതികളും പൊളിച്ച് നീക്കിയിട്ടുണ്ടോ എന്നറിയാൻ ഇന്ത്യൻ സൈന്യം കർശനപരിശോധനയും നടത്തുന്നുണ്ട്. 

പാങ്ഗോങ് തടാകത്തിന് സമീപത്ത് പക്ഷേ, ഇരുസൈന്യങ്ങളും സേനാവിന്യാസം കാര്യമായി കുറയ്ക്കാൻ തയ്യാറായിട്ടില്ലെന്നാണ് സൂചന. ജൂൺ 30ന് നടന്ന കമാൻഡർ തല ചർച്ചകളിൽ ഇരുസൈന്യവും തമ്മിൽ കുറഞ്ഞത് മൂന്ന് കിലോമീറ്ററെങ്കിലും വിസ്തൃതിയിൽ ഒരു ബഫർ സോൺ പാലിക്കാൻ ധാരണയായിരുന്നു. ചൈന ഈ ധാരണ പാലിച്ചെങ്കിൽ മാത്രമേ പിൻമാറ്റപ്രക്രിയ അർത്ഥവത്താകൂ എന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യ- പാക് അതിർത്തിയിലെ സിയാച്ചിനിലേത് പോലുള്ള സ്ഥിതിയിലേക്ക് ഗൽവാൻ താഴ്‍വര എത്താതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇരുരാജ്യങ്ങളും നടത്തുമെന്നാണ് നയതന്ത്രവിദഗ്ധരുടെ നിഗമനം. 

click me!