ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച ഉടൻ, അതിർത്തിയിലെ സേന സാന്നിധ്യം കൂട്ടി ചൈന

By Web TeamFirst Published Sep 10, 2020, 4:45 PM IST
Highlights

 ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുമ്പോഴാണ് നിർണ്ണായക ചർച്ചകൾ മോസ്കോവിൽ പുരോഗമിക്കുന്നത്.

ദില്ലി: ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച അല്പസമയത്തിനകം മോസ്കോവിൽ നടക്കും. റഷ്യ- ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം മോസ്കോവിൽ തുടരുകയാണ്. ഇതിന് ശേഷമാകും ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ച. ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുമ്പോഴാണ് നിർണ്ണായക ചർച്ചകൾ മോസ്കോവിൽ പുരോഗമിക്കുന്നത്.

ഉച്ചയ്ക്ക് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാൻറെയും മന്ത്രിമാർ പങ്കെടുത്തു. പിന്നീടാണ് റഷ്യ-ഇന്ത്യ- ചൈന യോഗം തുടങ്ങിയത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിർത്തി തർക്കം തീർക്കാൻ റഷ്യ കാണിക്കുന്ന താല്പര്യത്തിൻറെ കൂടി സൂചനയായി ഈ യോഗം.

ഇന്ത്യ സേനയെ വിന്യസിച്ച മലനിരകളിലേക്ക് കയറാൻ കഴിഞ്ഞ ദിവസം ചൈനീസ് സേനയും ശ്രമിച്ചു എന്നാണ് സൂചന. മുള്ളുവേലി കെട്ടി പോസ്റ്റുകൾക്ക് അതിര് നിശ്ചയിച്ച ഇന്ത്യ ചൈനീസ് സേനയുടെ കടന്നു കയറ്റ നീക്കം നിരന്തരം ചെറുക്കുകയാണ്. അതിർത്തി പുകയുമ്പോൾ പ്രശ്നം തണുക്കാനുള്ള എന്തെങ്കിലും തീരുമാനം ചർച്ചയിൽ ഉണ്ടാകുമോ എന്നതറിയാനാണ് ഏവരും കാത്തിരിക്കുന്നത്. സമ്പൂർണ്ണ പിൻമാറ്റം എന്നയാവശ്യം ഇന്ത്യ ആവർത്തിക്കും. ഇതിന് സമയപരിധി നിശ്ചയിക്കണം എന്നും ആവശ്യപ്പെടും. 

അതേസമയം ബ്രിഗേഡ് കമാൻഡർ തല ചർച്ച ഇന്നും അതിർത്തിയിൽ തുടർന്നു. ഷാങ്ഹായി സഹകരണ സമ്മേളനത്തിനിടെ പാകിസ്ഥാൻ വിദേശകാര്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നത് എസ് ജയശങ്കർ ഒഴിവാക്കി. കശ്മീർ നേരി്ട്ടു പരാമർശിക്കാത്ത പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി എന്നാൽ തർക്കപ്രദേശങ്ങളിലെ സാഹചര്യം ഏകപക്ഷീയമായി മാറ്റുന്നത് സമ്മേളനം അപലപിക്കണം എന്ന് ആവശ്യപ്പെട്ടു.  പബ്ജി,ടിക്ക് ടോക്ക് നിരോധനത്തിനു ശേഷം വിദേശനിക്ഷേപ രംഗത്തും ഇന്ത്യ നിലപാട് കടുപ്പിക്കുകയാണ്. പ്രതിരോധ രംഗത്ത് ചൈനീസ് കമ്പനികളെ പൂർണ്ണമായും മാറ്റിനിറുത്താനാണ് ദേശീയ സുരക്ഷ എന്ന വ്യവസ്ഥ കൂടി ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നത്.

click me!