
ദില്ലി: നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്. ബ്രിക്സ് ഉച്ചകോടിയിലാണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്.
ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചർച്ച ചെയ്യണമെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദിയും ആവശ്യപ്പെട്ടു. അതിർത്തിയിലെ ധാരണ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ബന്ധം നന്നാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും പറഞ്ഞു. ചർച്ചയിലൂടെ അതിർത്തിയിലെ തർക്കം പരിഹരിക്കാനായതിൽ ഇരു നേതാക്കളും സന്തുഷ്ടി അറിയിച്ചു. അതേസമയം, ഇന്ത്യ- ചൈന പ്രത്യേക പ്രതിനിധികൾ അതിർത്തി തർക്കത്തിൽ ചർച്ച തുടരും. രണ്ടു രാജ്യങ്ങളും പരസ്പരസഹകരണത്തിനുള്ള വഴികൾ ആലോചിക്കും. തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കും. ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർക്കിടയിലും ചർച്ച നടക്കും.
അതേസമയം, ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിൽ ഇന്നലെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉജ്വല സ്വീകരണമാണ് നൽകിയത്. ശേഷം ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യുക്രൈമായുള്ള സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് മോദി പുടിനോട് ആവശ്യപ്പെട്ടത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി നടന്ന കൂടിക്കാഴ്ചക്കിടയിലെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്കിടയിലെ ഒരു രംഗമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പുടിനും മോദിയും തമ്മിലുള്ള സംഭാഷണത്തിനിടയിൽ പുടിൻ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വർണിക്കുന്ന വീഡിയോ ആണ് ഇത്. മോദിയോടൊപ്പമുള്ള ചർച്ചക്ക് പരിഭാഷയുടെ ആവശ്യം വരില്ലെന്നും അത്രയേറെ ആഴത്തിലുള്ള ബന്ധമാണ് തമ്മിലുള്ളതെന്നുമാണ് പുടിൻ ചിരിച്ചുകൊണ്ട് പറഞ്ഞത്. ഇത് കേട്ട് മോദി സന്തോഷമടക്കാനാകാതെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇരുവരും പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൃഷ്ണഭജന്‍ പാടിയാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. കസാനിലെ ഹോട്ടല്‍ കോര്‍സ്റ്റണില്‍ എത്തിയ മോദിയെ ഭജന്‍ പാടി സ്വീകരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികളെ അഭിവാദ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam