
ദില്ലി: കുൽഭൂഷൺ ജാദവിന്‍റെ അറസ്റ്റ് ഉയർത്തിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തുന്ന നീക്കം ദുർബലപ്പെടുത്തുന്നതാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നുണ്ടായ വിധി. വധശിക്ഷ എന്ന വഴി അടയുമ്പോൾ കുൽഭൂഷണെ മോചിപ്പിക്കാൻ പാകിസ്ഥാൻ രാഷ്ട്രീയ തീരുമാനം എടുക്കുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
പാക് കേന്ദ്രീകൃത ഭീകരവാദത്തിന് എതിരെയുള്ള ഇന്ത്യയുടെ നീക്കത്തിന് രാജ്യാന്തര പിന്തുണ ഏറുന്ന ഘട്ടത്തിലാണ് കുല്‍ഭൂഷൺ ജാദവിനെ പാകിസ്ഥാൻ അറസ്റ്റു ചെയ്തത്. പാകിസ്ഥാനുള്ളിലെ ഭീകര സംഘടനകളെ ഇന്ത്യ സഹായിക്കുന്നു എന്ന വാദം ഉയർത്താൻ കുൽഭൂഷൺ ജാദവിൻറെ അറസ്റ്റ് പാകിസ്ഥാൻ രാജ്യാന്തര വേദികളിൽ ആയുധമാക്കി.
എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍റെ ചട്ടലംഘനം അന്താരാഷ്ട്ര കോടതി രേഖപ്പെടുത്തിയത് തിരിച്ചടിക്കാനുള്ള അവസരം ഇന്ത്യയ്ക്ക് നല്‍കുന്നു. കുൽഭൂഷന്‍റെ മോചനത്തിന് ഈ വിധിയുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര സഹായം ആവശ്യപ്പെടാം. വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ കാര്യത്തിലെന്ന പോലെ ഒരു രാഷ്ട്രീയ തീരുമാനം പാകിസ്ഥാൻ ഇക്കാര്യത്തിലും കൈക്കൊള്ളുമോ എന്നതാണ് ഉയരുന്ന ചോദ്യം
രണ്ടു ദിവസത്തിൽ രണ്ട് നീക്കങ്ങൾ പാകിസ്ഥാനിൽ കണ്ടു. ഫെബ്രുവരിയിൽ അടച്ച വ്യോമപാത തുറന്നു. ഹാഫിസ് സയിദിനെ അറസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് നീതിന്യായ കോടതിയുടെ ഈ നിർണ്ണായക വിധി. കുൽഭൂഷൺ ജാദവിനെ ഉടൻ മോചിപ്പിച്ചാൽ ചർച്ചയുടെ വഴിയിലേക്ക് മടങ്ങാൻ ഇരു രാജ്യങ്ങൾക്കും കഴിയും. മറിച്ച് വിധി അട്ടിമറിക്കാനും നീതി നിഷേധിക്കാനും പാകിസ്ഥാൻ ശ്രമിച്ചാൽ അതിർത്തി വീണ്ടും അശാന്തമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam