
ദില്ലി : രാജ്യത്ത് കൊവിഡ് (Covid 19) രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു.ഔദ്യോഗിക കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ മരിച്ചു. 2,23,990 പേർ രോഗമുക്തി നേടി. ടിപിആർ 16.41 ശതമാനമാണ്. അതേ സമയം രാജ്യത്ത് ഇതുവരെ 9,287 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകൾ മൂന്നുലക്ഷം കടന്നത്. ഒമിക്രോൺ വ്യാപനമാണ് മൂന്നാം തരംഗത്തിൽ കേസുകൾ കുത്തനെ ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്തരുടെ വിലയിരുത്തൽ.
സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് ഇപ്പോഴും കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. മുംബൈയിൽ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോൾ പുണെയിൽ രോഗ വ്യാപനം കൂടി. പന്ത്രണ്ടായിരത്തിൽ അധികം പേർക്കാണ് ഇന്നലെ പുണെയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന ജില്ലയായി പുണെ മാറി. മുംബൈയിൽ പൊലീസിലെ 12 ഉദ്യോഗസ്ഥർക്ക് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. അതേ സമയം ഗുജറാത്ത്, അസം, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം കുതിക്കുകയാണ്. ദില്ലിയിലെ കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധന ഉണ്ടായി.
ഇതിനിടെ കോവാക്സിനും കോവിഷീൽഡിനും പൂർണ്ണ വാണിജ്യ അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. അനുമതി തേടി ഉത്പാദകരായ ഭാരത് ബയോട്ടെക്കും സീറം ഇൻസ്റ്റിറ്റ്യൂട്ടും നൽകിയ അപേക്ഷ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി പരിഗണിച്ചിരുന്നു. നിലവിൽ അടിയന്തര ഉപയോഗ അനുമതി മാത്രമാണ് ഇരു വാക്സിനുകൾക്കും ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam