
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേതിന് സമാനമായ കുതിപ്പ്. 24 മണിക്കൂറിനിടെ 11502 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമാകുന്നുണ്ട്.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ലേക്ക് എത്തിയിരിക്കുകയാണ്. ആകെ മരണം 9520 ആയി. കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ 325 പേർക്ക് വൈറസ് ബാധയേറ്റ് ജീവൻ നഷ്ടമായി. നിലവിൽ 153106 പേരാണ് ചികിത്സയിൽ കഴിയുന്നത്.
രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസകരമായാണ് കേന്ദ്രസർക്കാർ കാണുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 50 ശതമാനത്തിലേറെ പേർക്ക് രോഗം ഭേദമായി. 1,69,798 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.
അതേസമയം കൊവിഡ് രോഗികളെ കണ്ടെത്താനായി രാജ്യത്തെമ്പാടും ഇതുവരെ 57,74,133 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ വ്യക്തമാക്കി. കൊവിഡ് സ്രവ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 1,15,519 സാമ്പിളുകൾ പരിശോധിച്ചെന്നും ഐസിഎംആർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam