
ദില്ലി: ഉത്സവ സീസൺ അടുത്തിരിക്കെ, പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയുന്നതിനുമായി കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു. വ്യാപാരികൾക്കും ഡീലർമാർക്കും പഞ്ചസാര സ്റ്റോക്ക് സൂക്ഷിക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറച്ചു. ഇവർക്ക് പരമാവധി സൂക്ഷിക്കാവുന്ന പഞ്ചസാരയുടെ അളവ് 1000 ക്വിന്റലായി പരിമിതപ്പെടുത്തി. 2026 ഒക്ടോബർ 15 മുതൽ നവംബർ 30 വരെയായിരിക്കും ഈ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാവുക.
ഒക്ടോബർ 15 മുതൽ ഡീലർമാർക്ക് സ്റ്റോക്ക് ലഭിക്കുന്ന തീയതി മുതൽ 15 ദിവസത്തിൽ കൂടുതൽ പഞ്ചസാര കൈവശം വെക്കാൻ അനുവാദമുണ്ടാകില്ല. രാജ്യത്തുടനീളം ഒരേ സമയം 1,000 ക്വിന്റലിൽ കൂടുതൽ പഞ്ചസാര സൂക്ഷിക്കാനും പാടില്ലെന്ന് ഉപഭോക്തൃ കാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചു. എന്നാൽ, കൊൽക്കത്ത, കൊൽക്കത്തയോട് ചേർന്നുള്ള മെട്രോപൊളിറ്റൻ മേഖലകൾ, അസം എന്നിവിടങ്ങളിൽ ഈ പരിധി 2,000 ക്വിന്റലായി നിശ്ചയിച്ചിട്ടുണ്ട്. കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിതരണ കേന്ദ്രമെന്ന നിലയിലും ഗതാഗത തടസ്സങ്ങൾ കണക്കിലെടുത്തുമാണ് കൊൽക്കത്തയ്ക്കും അസാമിനും ഉയർന്ന ഇളവ് അനുവദിച്ചത്.
വിതരണ ശൃംഖലയിൽ കെട്ടിക്കിടക്കാതെ മില്ലുകളിൽ നിന്ന് പഞ്ചസാര ഡീലർമാരിലേക്കും അവിടെനിന്ന് ഉപഭോക്താക്കളിലേക്കും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഓഗസ്റ്റിലെ ഉയർന്ന നിരക്കിൽ നിന്ന് പഞ്ചസാരയുടെ ശരാശരി ചില്ലറ വിൽപ്പന വിലയിൽ 15 ശതമാനവും ഫാക്ടറി തലത്തിലെ (എക്സ്-മില്ല്) വിലയിൽ 28 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഈ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ മില്ലുടമകളോടും മൊത്ത-ചില്ലറ വ്യാപാരികളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഗണപതി പൂജ, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾ വരുന്ന ഓഗസ്റ്റ്-നവംബർ മാസങ്ങളിൽ പഞ്ചസാരയുടെ ഉപഭോഗം വൻതോതിൽ വർധിക്കാറുണ്ട്.
ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കുന്നതിനായി ഈ വർഷം സർക്കാർ സ്വീകരിച്ച തുടർച്ചയായ നടപടികളുടെ ഭാഗമാണ് ഈ പുതിയ നിയന്ത്രണവും. മെയ് മാസത്തിൽ പഞ്ചസാര കയറ്റുമതി സെപ്റ്റംബർ 30 വരെ സർക്കാർ പൂർണ്ണമായി നിരോധിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റിൽ, ഉത്സവ സീസണിന് മുന്നോടിയായി വില നിയന്ത്രിക്കാൻ 10 ലക്ഷം ടൺ റോ പഞ്ചസാര പൂജ്യം ശതമാനം ഇറക്കുമതി തീരുവയിൽ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. സാധാരണയായി 100 ശതമാനം ഇറക്കുമതി തീരുവയുള്ള സ്ഥാനത്താണിത്. പുതിയ പഞ്ചസാര സീസൺ അഥവാ കരിമ്പ് അരപ്പ് സീസൺ ഒക്ടോബർ 1-ന് ആരംഭിച്ചതിനൊപ്പം, 2026-27 സീസണിലെ കരിമ്പിന്റെ ന്യായവും ലാഭകരവുമായ വില ക്വിന്റലിന് 365 രൂപയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam