കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സി.ആർ.പി.എഫ് പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർബന്ധമാക്കിയതിനൊപ്പം ഡ്യൂട്ടി സമയത്തെ മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

ശ്രീനഗർ: കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും സി.ആർ.പി.എഫ് പുതുക്കി നിശ്ചയിച്ചു. സി.ആർ.പി.എഫ് മേധാവി ജി.പി. സിങ് നടത്തിയ ഉന്നതതല സുരക്ഷാ അവലോകന യോഗത്തിന് പിന്നാലെയാണ് ജവാന്മാരുടെ സുരക്ഷ മുൻനിർത്തി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ജമ്മു കശ്മീരിൽ ഡ്യൂട്ടിയിലുള്ള എല്ലാ ജവാന്മാരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെഡ് ഗിയറുകളും നിർബന്ധമായും ധരിച്ചിരിക്കണം എന്ന് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

സായുധരായ ഭീകരർ പതിയിരുന്ന് ആക്രമിക്കുമ്പോൾ ജവാന്മാർക്ക് പരിക്കേൽക്കുന്നത് തടയാൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെഡ് ഗിയറുകളും പ്രധാനമാണ്. ഇതോടൊപ്പം ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ചെക്ക് പോസ്റ്റുകളിലെ സുരക്ഷാ ശക്തമാക്കാനും കുടുതൽ ലൈറ്റിംഗ് സൗകര്യം ഏർപ്പെടുത്താനും നിർദേശമുണ്ട്. ഡ്യൂട്ടി സമയത്ത് ജവാന്മാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ മാർഗനിർദേശം പ്രകാരം കമാൻഡർമാർക്ക് മാത്രമായിരിക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടാവുക. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ജവാന്മാർ ഒരേ സ്ഥലത്ത് ദീർഘനേരം നിലയുറപ്പിക്കരുതെന്നും, ഡ്യൂട്ടി സമയത്ത് അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.