ഇന്ത്യൻ ചരക്ക് കപ്പലുകളെ അനുഗമിക്കാൻ തയ്യാറായിരിക്കണം, ഗൾഫ് മേഖലയിൽ 6 യുദ്ധ കപ്പലുകളെ വിന്യസിച്ച് ഇന്ത്യ

Published : Mar 19, 2026, 08:27 AM ISTUpdated : Mar 19, 2026, 08:29 AM IST
ship ship

Synopsis

ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ 'ഓപ്പറേഷൻ സങ്കൽപ്' ദൗത്യത്തിന് കീഴിൽ ഇന്ത്യൻ നാവികസേന കൂടുതൽ യുദ്ധക്കപ്പലുകളെ വിന്യസിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ, സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

ദില്ലി : ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ എണ്ണം വർധിപ്പിച്ചു. ഗൾഫ് മേഖലയിൽ ഓപ്പറേഷൻ സങ്കൽപ് ദൗത്യത്തിന് കീഴിൽ ആറിലധികം യുദ്ധക്കപ്പലുകളെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ പതാക ഘടിപ്പിച്ച എൽ.പി.ജി, ക്രൂഡ് ഓയിൽ കപ്പലുകൾക്ക് യുദ്ധക്കപ്പലുകൾ സുരക്ഷാ അകമ്പടി സേവിക്കുകയാണ് .

ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ലാരിജാനിയുടെ വധത്തെക്കുറിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. മേഖലയിൽ കൂടുതൽ പ്രകോപനമുണ്ടാക്കാതെ സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നുമാണ് ഇന്ത്യയുടെ പൊതുവായ നിലപാട്.

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ ചരക്ക് നീക്കം തടസ്സപ്പെടുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിൽ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഷിപ്പിംഗ് മന്ത്രാലയവും നാവികസേനയും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ വഴി നിരീക്ഷണം നടത്തുന്നുണ്ട്.   

ഇറാനെതിരെ 12 അറബ് രാജ്യങ്ങളുടെ പ്രസ്താവന 

പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.  ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. എൽപിജി  പ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടക്കാനുള്ള ചർച്ചകൾ സജീവം; എൽപിജി ഉൽപാദനം കൂട്ടി, മരുന്നിന് നന്ദി അറിയിച്ച് ഇറാൻ
'പൾസർ ബാബു', വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം, ഇത്തവണ കുടുങ്ങി; 2 കാറുകളും 132 ഗ്രാം സ്വർണ്ണവും കണ്ടെത്തി