
ദില്ലി: ഓപ്പറേഷൻ സിന്ദൂറില്‍ ഇന്ത്യ വധിച്ച ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുടെ പേര് പുറത്ത് വിട്ട് ഇന്ത്യ. ലഫ്റ്റനന്‍റ് ജനറൽ ഫയാസ് ഹുസൈൻ, മേജർ ജനറൽ റാവു ഇമ്രാൻ, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ എന്നീ സൈനിക ഉദ്യോഗസ്ഥർ ഭീകരരുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തുവെന്ന് ഇന്ത്യ വ്യക്തമാക്കി. ഉസ്മാൻ അൻവർ, ശുഹൈബ് അഹമ്മദ് എന്നീ ജനപ്രതിനിധികളും ഈ ചടങ്ങുകളില്‍ പങ്കെടുത്തു. സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാകിസ്ഥാൻ നിഷേധിച്ചിരുന്നു.
ഭീകരരുടെ സംസ്കാര ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിലെ വിവിധയിടങ്ങളിൽ നടന്ന ഭീകരരുടെ അന്ത്യകർമ്മങ്ങളിൽ നിരവധി പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും ജവാന്മാരും പങ്കെടുത്തതായി ചിത്രങ്ങളിൽ കാണാം.
ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ
ലെഫ്റ്റനന്റ് ജനറൽ ഫയ്യാസ് ഹുസൈൻ ഷാ, ലാഹോറിലെ IV കോർപ്സ് കമാൻഡർ
മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ലാഹോറിലെ 11-ാം ഇൻഫൻട്രി ഡിവിഷൻ
ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബ്ബിർ
ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ
മാലിക് സോഹൈബ് അഹമ്മദ് ഭേർത്ത്, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം
പാകിസ്ഥാൻ ഒരു തരത്തിലുള്ള ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ദീർഘകാലമായി വാദിക്കുന്നതിനിടെയാണ് ഇന്ത്യ ചിത്രങ്ങൾ പുറത്ത് വിട്ടത്. ലഷ്കർ ഇ തൊയ്ബ (LeT) ഭീകരനായ ഹാഫിസ് അബ്ദുൾ റൗഫ് ആണ് ലാഹോറിന് സമീപമുള്ള മുറിദ്‌കെയിലെ ഒരു ഭീകര ക്യാമ്പിൽ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേർക്ക് വേണ്ടി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. നിരോധിക്കപ്പെട്ട ജമാഅത്ത് ഉദ് ദഅ്‌വ (JuD) അംഗങ്ങളും ഹാഫിസ് സയീദ് സ്ഥാപിച്ച സംഘടനയിലെ അംഗങ്ങളും സിവിൽ ഉദ്യോഗസ്ഥരും അവിടെ സന്നിഹിതരായിരുന്നു. റൗഫിനെ യുഎസ് ട്രഷറി ആഗോള ഭീകരരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
സംസ്കാര ചടങ്ങിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ സൈനികർ പാകിസ്ഥാൻ പതാകയിൽ പൊതിഞ്ഞ ഭീകരരുടെ മൃതദേഹങ്ങൾ മുറിദ്‌കെയിൽ കൊണ്ടുപോകുന്ന ഒരു വീഡിയോയും പുറത്തുവന്നു. ഭീകരർക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരം നൽകുന്ന പാകിസ്ഥാന്‍റെ നടപടിയെ മെയ് എട്ടിന് ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഭീകരർക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരം നൽകുന്നത് പാകിസ്ഥാനിൽ ഒരു പതിവായി മാറിയിരിക്കാമെന്ന് സൂചിപ്പിച്ച് ഇസ്ലാമാബാദിനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾക്ക് പിന്നിൽ യൂണിഫോം ധരിച്ച പാകിസ്ഥാൻ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും പ്രാർത്ഥിക്കുന്ന ഒരു ചിത്രം ഉയർത്തിക്കാട്ടി, ഈ ചിത്രം എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചോദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam