
ഇന്ത്യയും ബുള്ളറ്റ് ട്രെയിൻ യുഗത്തിലേക്ക് കടക്കുന്നു. ഇന്ത്യയുടെ സ്വപ്ന പദ്ധതി ഒന്നര വർഷത്തിനകം യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബിലിമോറയിലേക്കായിരിക്കും ആദ്യ ഘട്ടത്തിലെ സർവീസ്. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള അത്യാധുനിക മോഡൽ ട്രെയിനുകളാണ് രാജ്യത്ത് എത്തുന്നത്. ഇന്ത്യയുടെ യാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റം കുറിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി.
തുടക്കത്തിൽ സൂറത്ത് - ബിലിമോറ റൂട്ടിലാണെങ്കിലും വൈകാതെ തന്നെ വാപിയിൽ നിന്ന് അഹമ്മദാബാദിലേക്കും താനെയിൽ നിന്ന് അഹമ്മദാബാദിലേക്കും സർവീസുകൾ വ്യാപിപ്പിക്കും. മുംബൈ - അഹമ്മദാബാദ് റൂട്ടിലെ പൂർണ്ണതോതിലുള്ള സർവീസ് ഇതിന് പിന്നാലെ സജ്ജമാകും. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും നിശ്ചിത സമയത്തിനുള്ളിൽ തന്നെ രാജ്യം ബുള്ളറ്റ് ട്രെയിൻ യുഗത്തിലേക്ക് കടക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അങ്ങനെയെങ്കിൽ ആദ്യ ബുള്ളറ്റ് ട്രെയിനിലേക്കുള്ള ടിക്കറ്റ് 2027 ലെ സ്വാതന്ത്ര്യദിനത്തിൽ എടുക്കാനാകും. ഇന്ത്യക്കുള്ള പുതുവത്സര സമ്മാനം എന്ന നിലിയിലാണ് ഒന്നാം തിയതിയിലെ പ്രഖ്യാപനത്തെ പലരും വിശേഷിപ്പിക്കുന്നത്.
റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിൻ. കോട്ട - നാഗ്ദ സെക്ഷനിൽ നടന്ന ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിൻ പരീക്ഷണം പൂർത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതിൽ 11 ത്രീ - ടയർ എസി കോച്ചുകൾ (611 സീറ്റുകൾ), 4 ടൂ - ടയർ എ സി കോച്ചുകൾ (188 സീറ്റുകൾ), ഒരു ഫസ്റ്റ് ക്ലാസ് എ സി കോച്ച് (24 സീറ്റുകൾ) എന്നിവയുണ്ടാകും. ആകെ യാത്രാശേഷി 823 ആണെന്നാണ് റെയിൽവേ അറിയച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam