പാക് വീരവാദം പൊളിച്ച് ഇന്ത്യ; വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട അതേ വിമാനം പറത്തി വ്യോമസേന

By Web TeamFirst Published Oct 9, 2019, 10:53 AM IST
Highlights

87ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ നടന്ന എയര്‍ ഷോയിലാണ് പാകിസ്ഥാന്‍ വെടിവച്ചിട്ടെന്ന് അവകാശ വാദം ഉയര്‍ത്തിയ അതേ വിമാനം പറന്നുയര്‍ന്നത്.

ദില്ലി: ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ വെടിവച്ച് വീഴ്ത്തിയെന്ന് അവകാശപ്പെട്ട വിമാനം പറത്തി പാക് വാദം പൊളിച്ച് ഇന്ത്യ. 87ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ നടന്ന എയര്‍ ഷോയിലാണ് പാകിസ്ഥാന്‍ വെടിവച്ചിട്ടെന്ന് അവകാശ വാദം ഉയര്‍ത്തിയ അതേ വിമാനം പറന്നുയര്‍ന്നത്.

ഗാസിയാബാദിന് സമീപമുള്ള ഹിന്ദോണ്‍ എയര്‍ ബേസിലായിരുന്നു റഷ്യന്‍ നിര്‍മിത സുഖോയ്‍യുടെ മാസ്മരിക പ്രകടനം നടന്നത്.

അതിർത്തിയിൽ പാക്ക് യുദ്ധവിമാനങ്ങളെ നേരിട്ട പൈലറ്റുമാർ തന്നെയാണ് സുഖോയ് പറത്തിയതെന്ന് വ്യോമസേനാ വക്താക്കള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

സുഖോയ് 30 എംകെഐ എന്ന വിമാനം ഫെബ്രുവരിയില്‍ വെടിവച്ച് വീഴ്ത്തിയെന്നായിരുന്നു നേരത്തെ പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. അവഞ്ചേഴ്സ് ഫോര്‍മേഷനിലാണ് സുഖോയ് 30 എംകെഐ ഗാസിയാബാദിലെ എയര്‍ ഷോയുടെ ഭാഗമായത്.

ബാലാകോട്ടിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഫെബ്രുവരി 27നാണ് സുഖോയ്  30 എംകെഐ തകര്‍ത്തതെന്ന് പാകിസ്ഥാന്‍ അവകാശവാദമുയര്‍ത്തിയത്. 87ാം വ്യോമസേനാ ദിനാചരണത്തില്‍ മിഗ് 21 ബൈസണ്‍ വിമാനം പറത്തി അഭിനന്ദന്‍ വര്‍ദ്ധമാനും എയര്‍ ഷോയുടെ ഭാഗമായി.

ബാലാക്കോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത സേനാ യൂണിറ്റുകളെ ഇന്നലെ നടന്ന ചടങ്ങില്‍ ആദരിച്ചു. യുദ്ധ വിമാനങ്ങൾക്കു പുറമേ, ഇന്ത്യ അടുത്തിടെ സ്വന്തമാക്കിയ ചിനൂക്, അപ്പാച്ചി അറ്റാക്ക് ഹെലികോപ്റ്ററുകളും ദില്ലിയുടെ ആകാശത്ത് വിസ്മയ പ്രകടനം നടത്തി. 

 

click me!