പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയും കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Sep 10, 2020, 9:36 AM IST
Highlights

റഫാൽ യുദ്ധ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് പാർലി ഇന്ത്യയിലെത്തിയത്

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയും കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷം ഇരുവരും ഹരിയാനയിലെ അംബാലയിലേക്ക് തിരിച്ചു. റഫാൽ യുദ്ധ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് പാർലി ഇന്ത്യയിലെത്തിയത്. രാവിലെ പത്തിന് അംബാലയിലാണ് ചടങ്ങ്. ഡാസോ ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയറും ഇതിൽ പങ്കെടുക്കും.

പരിപാടിയിൽ ഫ്രാൻസ് പ്രതിരോധ മന്ത്രി  ഫ്ലോറൻസ് പാർലിയും മുഖ്യഅതിഥിയാകും. റഫാൽ വിമാനങ്ങൾ സ്ക്വാഡ്രൺ 17 ഗോൾഡൻ ആരോസിന്റെ ഭാഗമാണാകുന്നത്. റഫാൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദന, റഫാൽ തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസം എന്നിവ ചടങ്ങിൽ നടക്കും. തുടർന്ന് ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയുണ്ടാകും.

ജൂലൈ 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റാഫേൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്. മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്.മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെആക്രമണം നടത്താൻ കഴിയും. പറക്കലിൽ  25 ടൺ വരെ ഭാരം വഹിക്കാനാകും.59,000 കോടി രൂപയ്ക്കാണ്  36 വിമാനങ്ങൾ  ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.

click me!