
ദില്ലി: ഇന്ത്യയും ഫ്രാൻസും സൈനിക, പ്രതിരോധ വ്യവസായ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് തീരുമാനമായത്. റഫാൽ യുദ്ധവിമാനങ്ങൾ കൈമാറിയതിലൂടെ ഇന്ത്യ-ഫ്രാന്‍സ് ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് നേരത്തെ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പാര്‍ലി പറഞ്ഞിരുന്നു.
ഇന്നാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത്. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഫാല്‍ വിമാനങ്ങള്‍ വ്യോമസേനക്ക് കൈമാറി. അതിര്‍ത്തിയില്‍ അശാന്തി തുടരുമ്പോള്‍ ഏത് ആക്രമണത്തെയും ചെറുക്കാന്‍ റഫാലിനാകുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കി. സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഫ്രാന്‍സ് പ്രതിരോധമന്ത്രി കൂടി പങ്കെടുത്ത ചടങ്ങില്‍ റഫാല്‍ വിമാനങ്ങള്‍ അണി നിരത്തി വ്യോമാഭ്യാസ പ്രടകനവുമുണ്ടായിരുന്നു. തേജസ് യുദ്ധവിമാനങ്ങളും, സാരംഗ് ഹെലികോപ്റ്ററുകളും വായുവില്‍ വിസ്മയം തീര്‍ത്തു. തുടര്‍ന്ന് അഞ്ച് യുദ്ധവിമാനങ്ങള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനക്ക് കൈമാറി.
റഫാലിന്‍റെ വരവ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിരോധ രംഗത്ത് റഫാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പാര്‍ലിയും പറഞ്ഞു. അടുത്ത മാസം നാല് വിമാനങ്ങള്‍ കൂടി ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തും. ഡിസംബറില്‍ മൂന്നാം ബാച്ചെത്തു. അടുത്തവര്‍ഷം അവസാനത്തോടെ 36 വിമാനങ്ങളും ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. റഫാലില്‍ 59,000 കോടി രൂപയുടെ ഇടപാടാണ് ഫ്രാന്‍സുമായി ഇന്ത്യ നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam