
അമിത് ഷായുടെ 'ഉപദേശ'ത്തിന്റെ പവറേ
കർണാടകയിലെ മുതിർന്ന നേതാക്കളായ ബി എസ് യെദ്യൂരപ്പയ്ക്കും മന്ത്രി മുരുകേഷ് നിരാനിയ്ക്കും എതിരെ വരെ ചില പരാമർശങ്ങൾ ചൊരിഞ്ഞിട്ടുള്ള ബിജെപി എംഎൽഎയാണ് ബസൻഗൗഡ പാട്ടീൽ യത്നൽ. എന്നാൽ, അടുത്തിടെ രാജ്യ തലസ്ഥാനത്തേക്ക് രഹസ്യ യാത്ര ചെയ്ത അദ്ദേഹത്തിന്റെ വായ ആരോ മൂടിക്കെട്ടിയാണ് വിട്ടതെന്നാണ് തോന്നുന്നത്. ദില്ലിയിലെ തണുപ്പ് മൂലം അദ്ദേഹത്തിന്റെ ശബ്‍ദം പോയെന്നാണ് ആദ്യം പലരും കരുതിയത്. എന്നാൽ, വായ് മൂടിക്കെട്ടി വിട്ടത് ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നാണ് കർണാടകയിലെ സംസാരങ്ങൾ. തീപ്പൊരി നേതാവിനെ വികാരപ്രകടനങ്ങൾ ഷായടെ ഒറ്റ 'ഉപദേശം' കൊണ്ട് ശമിച്ച് പോയെന്നാണ് പാർട്ടിക്കുള്ളിലെ അടക്കംപറച്ചിൽ.
മമതയും ചില 'കേന്ദ്ര' ചിന്തകളും
കേന്ദ്ര സർക്കാരിനെതിരെ ഏതു വിഷയത്തിലും അടിക്കാനുള്ള വടി കിട്ടിയാൽ പാഴാക്കാത്തയാളാണ് ബംഗാൾ മുഖ്യമന്ത്രി മമത മുഖർജി. ഇത്തവണ ഒരു സെലിബ്രിറ്റിയുടെ തോളിൽ ചാരിയാണ് കേന്ദ്രത്തിനിട്ടുള്ള മമതയുടെ 'കൊട്ട്'. വിശ്വ ഭാരതി കേന്ദ്ര സർവകലാശാല ക്യാമ്പസിൽ നിന്ന് ഒഴിയണമെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യ സെന്നിന് നോട്ടീസ് വന്നതാണ് എല്ലാത്തിന്റെയും തുടക്കം. അമർത്യ സെന്നിന് അടക്കം നിരവധി പ്രമുഖർക്ക് ഒഴിയണമെന്നുള്ള നോട്ടീസ് ലഭിച്ചിരുന്നു.
സെന്നിന്റെ അമ്മ അമൃത സെന്നും മുത്തച്ഛൻ ക്ഷിതി മോഹൻ സെന്നും രബീന്ദ്ര നാഥ് ടാഗോറുമായി ചേർന്ന് പ്രവർത്തിച്ചവരാണ്. വിശ്വ ഭാരതിയുടെ രണ്ടാമത്തെ വൈസ് ചാൻസലറായിരുന്നു ക്ഷിതി മോഹൻ. എന്തായാലും ക്യാമ്പസിലെ വസ്തുവിൽ നിയമപരമായ അവകാശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അമർത്യ സെൻ ഒഴിയാൻ കൂട്ടാക്കിയില്ല. അധികം വൈകാതെ മമമ ഇടപ്പെട്ടു, അമർത്യ സെന്നിന്റെ വീട്ടിലെത്തി വസ്തുവിന്റെ രേഖകൾ കൈമാറുകയും ചെയ്തു.
1943-ൽ സെൻ കുടുംബത്തിന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതിനാൽ ഒഴിഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലെന്ന് മമത തുറന്ന് പറയുകയും ചെയ്തു. കേന്ദ്ര സർക്കാരിനെതിരായ തന്റെ നിലപാടിന് പ്രതികാരം ചെയ്യാനുള്ള നീക്കമമെന്ന് അമർത്യ സെൻ കൂടെ വിശേഷിപ്പിച്ചതോടെ മമത ഇത് ഏറ്റുപിടിക്കുകയും ചെയ്തു.
പിഎംകെയുടെ സ്വപ്നങ്ങൾ
ഭരണകക്ഷിയായ ഡിഎംകെയെയും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മകൻ ഉദയനിധി സ്റ്റാലിൻ സംഘത്തെയും പ്രതീപ്പെടുത്താനുള്ള എളുപ്പ മാർഗം എന്താണ്? ഗവർണറേ ആക്രമിക്കുക എന്നതാണ് പിഎംകെ ആ ചോദ്യത്തിന് ഉത്തരം കണ്ടത്. ഡിഎംകെ ചരട് വലിക്കുന്ന മുന്നണിയിൽ കയറിക്കൂടുക തന്നെയായിരുന്നു പിഎംകെയുടെ ലക്ഷ്യം. ഓൺലൈൻ ചൂതാട്ട ബില്ലിന് അംഗീകാരം നൽകുന്നതിലെ കാലതാമസത്തെ ശക്തമായി അപലപിച്ച് പിഎംകെ അരങ്ങിൽ നിറയുകയും ചെയ്തു.
എന്നാൽ, പിഎംകെ വളരെ കഷ്ടപ്പെട്ട് ചേർത്ത ഈ രസക്കൂട്ട് വിചാരിച്ചത്ര രുചികരമായില്ലെന്നാണ് സൂചനകൾ. അച്ഛനും മകനും മാത്രം പ്രാധാന്യം നൽകാനുള്ള ഏത് നീക്കവും ഭരണകക്ഷിയിലെ ഒരു സഖ്യകക്ഷി എതിർക്കുന്നുണ്ട്. പിഎംകെയുടെ വരവിനും ഈ എതിർപ്പ് പ്രതിസന്ധിയുണ്ടാക്കുന്നു. എന്തായാലും അച്ഛന്റെയും മകന്റെയും സ്വപ്നങ്ങൾക്ക് 2024 തെരഞ്ഞെടുപ്പിൽ എന്തു സംഭവിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കാം.
ലീഗിന്റെ പുതിയ സംസ്ഥാന കൗൺസിൽ, കുഞ്ഞാലിക്കുട്ടി വിരുദ്ധരെ ഒഴിവാക്കാൻ നീക്കം
മാർച്ചിൽ ദേശീയ സമ്മേളനത്തിന് മുന്നോടിയായി മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരും. കെഎസ് ഹംസ, കെ എം ഷാജി , പി എം സാദിഖലി തുടങ്ങിയ ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധരെ നീക്കാനും സംഘടനയുടെ ജന .സെക്രട്ടറിയായി പി എം എ സലാമിനെ നിലനിർത്താനുമുള്ള നീക്കങ്ങളാണ് ലീഗിൽ നടക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉന്നയിച്ചതിന് നടപടി നേരിട്ട കെ എസ് ഹംസ അംഗത്വം പുതുക്കിയെങ്കിലും ജില്ലാ കൗൺസിലിലേക്കോ സംസ്ഥാന കൗൺസിലിലേക്കോ എത്തരുതെന്ന് നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടി വിമർശകനായ കെ എം ഷാജിയെ തഴയാനുള്ള നീക്കമുണ്ട്. ഷാജി വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് അംഗത്വം മാറ്റിയത് ഇത് മുൻകൂട്ടിക്കണ്ടാണെന്നാണ് സൂചന.. വയനാട്ടിൽ നിന്ന് സി മമ്മൂട്ടിയെ പരിഗണിച്ച് ഷാജിയെ ഒഴിവാക്കാനായിരുന്നു നീക്കം. എന്നാൽ കണ്ണൂരിലേക്ക് അംഗത്വം മാറ്റിയതോടെ മറ്റു പ്രമുഖരില്ലാത്തതിനാൽ ഷാജിക്ക് തന്നെ സംസ്ഥാന കൗൺസിലിലെത്താനും ഭാരവാഹിയാക്കാനും സാഹചര്യമുണ്ട്. ഷാജിയെ സംസ്ഥാന സെക്രട്ടറിയാക്കാതെ പ്രവർത്തകസമിതിയിലേ സെക്രട്ടറിയേറ്റിലോ ഒതുക്കാനാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ശ്രമം.
എല്ലാ ജില്ലകളിലും അംഗത്വം പെരുപ്പിച്ച് കാണിച്ച് പരമാവധി സ്വന്തക്കാരെ ആനുപാതികമായി സംസ്ഥാന കൗൺസിലിലെത്തിച്ച് ജന. സെക്രട്ടറിയടക്കമുള്ള സുപ്രധാന തസ്തികളിലേക്ക് മുൻതൂക്കം നേടാനും കുഞ്ഞാലിക്കുട്ടി പക്ഷം ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് സിനിമാ താരങ്ങളൊക്കെ അംഗത്വപട്ടികയിൽ കയറിപ്പറ്റിയത് ഇങ്ങനെ അംഗത്വം വർധിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണെന്നാണ് ലീഗിലെ അണിയറ സംസാരം.
ഭാരവാഹികളുടെ എണ്ണം പരമാവധി 12 ആക്കി ചുരുക്കാനാണ് നീക്കം. അങ്ങനെയാണെങ്കിൽ പല പ്രമുഖരെയും ഒഴിവാക്കേണ്ടി വരും. രണ്ടാം നിര നേതാക്കളിൽ പലരും ഈ ആശങ്കയിലാണ് പാണക്കാട് സാദിഖലി തങ്ങൾ ഇടപെട്ട് ഇത്തരം നീക്കങ്ങൾ തടയുമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി വീണ്ടും പാർട്ടിയിൽ ശക്തനായതോടെ ലീഗിലെ സമവാക്യങ്ങളും മാറുകയാണ്...
കല്യാണം വരുത്തിവച്ച വിന
ഒരു ബിജെപി നേതാവ് മകളുടെ കല്യാണം കെങ്കേമമായി കൊണ്ടാടി വഴിയെ പോയ വയ്യാവേലി എടുത്ത് തലയിൽ വച്ചതാണ് ഉത്തർപ്രദേശിലെ പുതിയ കഥകൾ. ലക്നോയിലെ ജനേശ്വർ മിശ്ര പാർക്കിലാണ് കല്യാണ ചടങ്ങുകൾ നടന്നത്. എസ്പി സർക്കാരിന്റെ വമ്പൻ നേട്ടമായി വാഴ്ത്തപ്പെടുന്നതാണ് ഈ പാർക്ക്.
ബിജെപി നേതാവ് ഇവിടെ കല്യാണം നടത്തിയത് എസ്പിക്കാർ ആഘോഷമാക്കുന്നുണ്ട്. എസ്പി കൊണ്ട് വന്ന വികസനങ്ങൾ തന്നെ വേണം ബിജെപി നേതാക്കൾക്കെന്ന് സോഷ്യൽ മീഡിയയിൽ കാര്യമായ പ്രചാരണവും നടക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും കല്യാണം നടത്തിയിരുന്നെങ്കിൽ ഇതൊന്നും കേൾക്കണ്ടായിരുന്നു എന്നുള്ള അവസ്ഥയിലാണ് ബിജെപി നേതാക്കൾ.
ഗുജ്ജർ നേതാക്കളുടെ വിഷമം
രാജസ്ഥാൻ നിയമസഭയിലെ 40 സീറ്റുകളിലെ വിജയം നിർണയിക്കാൻ ശേഷിയുള്ളവരാണ് ഗുജ്ജർ വിഭാഗം. ഇത്രയും നാൾ മിക്ക ഗുജ്ജർ നേതാക്കളും സച്ചിൻ പൈലറ്റിന് പിന്നാലെ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ, അവരുടെ നേതാവ് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ കുടുങ്ങിയതോടെ ചില മാറ്റങ്ങളൊക്കെ കണ്ടുതുടങ്ങുന്നുണ്ട്. പുതിയൊരു നേതാവിനെ വേണമെന്നൊക്കെ ഗുജ്ജർ നേതാക്കൾ തിരിച്ചറിഞ്ഞെങ്കിലും അവരുടെ അന്വേഷണം വിഫലമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജ്ജർ വിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ഒരു ചടങ്ങിലേക്ക് ഇവർ ആരെയും തന്നെ ക്ഷണിച്ചില്ല. ഇതോടെ തങ്ങൾ രാഷ്ട്രീയമായി അപ്രസക്തരാകുന്നുവെന്ന ചിന്തയിലാണ് ഗുജ്ജർ നേതാക്കൾ. ഒരു വഴിത്തിരിവിൽ എത്തി നിൽക്കുമ്പോൾ പുതിയ നേതാവിനെ എത്രയും വേഗം തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നെ രാഷ്ട്രീയത്തോട് വിടപറയേണ്ട അവസ്ഥയിലാണ് ഈ നേതാക്കൾ.