കേരളത്തിലെ 'മാര്‍ക്കി'സവും ഗ്രൂപ്പിസവും; നായിഡുവിന്‍റെ സ്വപ്നവും രാജസ്ഥാനിലെ 'കലാപവും'

Published : Jun 12, 2023, 02:02 PM IST
കേരളത്തിലെ 'മാര്‍ക്കി'സവും ഗ്രൂപ്പിസവും; നായിഡുവിന്‍റെ സ്വപ്നവും രാജസ്ഥാനിലെ 'കലാപവും'

Synopsis

എഴുതുക പോലും ചെയ്യാത്ത പരീക്ഷ പാസായതായി മാര്‍ക്ക് ലിസ്റ്റ് വന്ന എസ്എഫ്ഐ നേതാവ് ആര്‍ഷോയെ ഒരു ചുവട് മറികടന്നാണ് വിദ്യ ഗസ്റ്റ് അധ്യാപക പദവിയിലേക്ക് വ്യാജമായി എക്സ്പീരിയന്‍സ് തയ്യാറാക്കിയത്.

കേരളത്തിലെ 'മാര്‍ക്കിസം'

എസ്എഫ്ഐ നേതാക്കള്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെട്ടതോടെ സിപിഎം (മാര്‍ക്സിസ്റ്റ്) നെതിരേ വലിയ രീതിയിലാണ് ട്രോളുകള്‍ ഉയരുന്നത്. എഴുതുക പോലും ചെയ്യാത്ത പരീക്ഷ പാസായതായി മാര്‍ക്ക് ലിസ്റ്റ് വന്ന എസ്എഫ്ഐ നേതാവ് ആര്‍ഷോയെ ഒരു ചുവട് മറികടന്നാണ് വിദ്യ ഗസ്റ്റ് അധ്യാപക പദവിയിലേക്ക് വ്യാജമായി എക്സ്പീരിയന്‍സ് തയ്യാറാക്കിയത്. എസ്എഫ്ഐ വളരെ ശക്തമായ കേരളത്തിലെ ക്യാംപസുകളിലൊന്നാണ് എറണാകുളം മഹാരാജാസ്. തുടക്കത്തില്‍ ആര്‍ഷോ കൃത്രിമത്വം കാണിച്ചുവെന്ന് പറഞ്ഞ കോളേജ് പ്രിന്‍സിപ്പല്‍ പിന്നീട് ആര്‍ഷോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ വ്യാജരേഖ കേസില്‍ വിദ്യയ്ക്ക്  പൊലീസ് നടപടി നേരിടേണ്ടി വരും

ഗ്രൂപ്പിസം വിജയിക്കട്ടെ

കര്‍ണാടകയില്‍ മുതിര്‍ന്ന നേതാക്കളെ ഒരു കുടക്കീഴിലെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെങ്കിലും നേതാക്കള്‍ പലഭാഗത്തേക്ക് ഭിന്നിച്ച് നില്‍ക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനാവുന്നത്. ബ്ലോക്ക് തലത്തിലെ ഭാരവാഹികളുടെ പട്ടിക പുറത്ത് വന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പിസം മറനീക്കി പുറത്ത് ചാടിച്ച അവസാന സംഭവം. എകെ ആന്‍റണിയുടെ വിരമിക്കലിനും ഉമ്മന്‍ ചാണ്ടിയുടെ അസുഖത്തിനും പിന്നാലെ നിശബ്ദമായ എ ഗ്രൂപ്പ് എന്നാല്‍ ബ്ലോക്ക് ഭാരവാഹികളുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുന്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും നിലവിലെ പ്രതിപക്ഷ നേതാവിനെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുന്നതിനും കേരളത്തിലെ കോണ്‍ഗ്രസ് വേദിയായി. 

മരുഭൂമിയിലെ കലാപം

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കലാപ ഭൂമിയാവുന്ന പതിവ് കാഴ്ചയാണ് രാജസ്ഥാനില്‍ നിന്ന് ഇത്തവണയും കാണാനുള്ളത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും യുവതുര്‍ക്കി. സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇനിയും എഐസിസി നേതൃത്വത്തിന് സാധിച്ചിട്ടില്ല. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന യുവ തുര്‍ക്കിയുടെ പ്രഖ്യാപനത്തിലാണ് ദേശീയ നേതാക്കള്‍ നിലവില്‍ കണ്ണ് പതിപ്പിച്ചിട്ടുള്ളത്. മുന്‍ഗാമിയായ ജ്യോതിരാദിത്യ സിന്ധ്യയുടെ പാതയിലേക്ക് സച്ചിന്‍ പോകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വമുള്ളത്. 

കയ്ക്കുന്ന സ്വപ്നങ്ങള്‍

അന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ആഭ്യന്തര മന്ത്രി അമിത് ഷായമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പരദൂഷണ സംഘങ്ങള്‍ ഇവിടെയും സജീവമാണ്. 2019ലാണ് നായിഡും ബിജെപിയുമായി ഉടക്കി അകലുന്നത്. സംസ്ഥാനം ബിജെപിയോട് അടുക്കുന്നതിന്‍റെ ആദ്യ ചുവട് വയ്പായി കൂടിക്കാഴ്ചയെ പലരും വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിലെ നാണം കെട്ട തിരിച്ചടിക്ക് ബിജെപി സഖ്യത്തിലൂടെ മറുപടി നല്‍കാനാവുമെന്ന സ്വപ്നത്തിലാണ് നായിഡുവുള്ളത്. ഇതിന്‍റെ ഭാഗമായി പവന്‍ കല്യാണിനേയും കല്യാണിന്‍റെ ജനസേനയേയുമായും സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണ് നായിഡുവുള്ളത്. എന്നാല്‍ ശക്തി തെളിയിക്കാതെ ഒപ്പം കൂട്ടുമോയെന്ന കാര്യത്തില്‍ ബിജെപി നായിഡുവിനോട് ഇനിയും നയം വ്യക്തമാക്കിയിട്ടില്ല. 

PREV
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം