
ദില്ലി : കൊവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. വാക്സിനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം ആശങ്കപ്പെട്ടു.വിവര ചോര്‍ച്ചയില്‍ കേന്ദ്രം പ്രതികരിച്ചിട്ടില്ല.
വാക്സിനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോര് ലേണെന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്. ഒരു വ്യക്തി ഏത് വാക്സീനാണ് സ്വീകരിച്ചതെന്നും മറ്റൊരാള്‍ക്ക് അറിയാം. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊവിന്‍ പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ഒടിപിയും നല്‍കിയാല്‍ മാത്രം ലഭ്യമാകുന്ന വിവരങ്ങള്‍ എങ്ങനെ ടെലഗ്രാമിലെത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ദേശസുരക്ഷയെ പോലും അപകടത്തിലാക്കും വിധമുള്ള വിവര ചോര്‍ച്ചയെ കുറിച്ച് കേന്ദ്രം ഇനിയും പ്രതികരിച്ചിട്ടില്ല. കൊവിന്‍ ആപ്പിന്‍റെ മേല്‍നോട്ടം ആരോഗ്യമന്ത്രാലയത്തിനും, ഐടി മന്ത്രാലയത്തിനുമാണ്. വിവര സുരക്ഷയില്‍ നേരത്തെയും കൊവിന്‍ ആപ്പിനെതിരെ പരാതികളുയര്‍ന്നിരുന്നു. പ്രതിപക്ഷ ആരോപണമെന്ന് നിസാരവത്ക്കരിച്ച് കേന്ദ്രം അത് തള്ളുകയും ചെയ്തിരുന്നു. അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് തൃണമൂല്‍ കോൺഗ്രസ് ആവശ്യപ്പെടുന്നത്. വിവര ചോര്‍ച്ച സ്വകാര്യതയുടെ ലംഘനമാണെന്നും, കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. അതേ സമയം വാര്‍ത്തകള്‍ക്ക് പുറത്ത് വന്നതോടെ ടെലഗ്രാം ബോട്ടിലൂടെ ഇപ്പോള്‍ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam