ഒരു മുഴം മുമ്പേ ഇന്ത്യ; ചൈനീസ് ചാരക്കപ്പൽ എത്തും മുമ്പേ ഡോർണിയർ നിരീക്ഷണ വിമാനം ശ്രീലങ്കക്ക് കൈമാറി

By Web TeamFirst Published Aug 15, 2022, 5:36 PM IST
Highlights

2018 ജനുവരിയിൽ സമുദ്ര നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി രണ്ട് ഡോർണിയർ വിമാനങ്ങൾ ആവശ്യമാണെന്ന് ശ്രീലങ്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിമാനങ്ങൾ നൽകുന്ന കാര്യം സർക്കാർ പരി​ഗണിച്ചത്.

കൊളംബോ: ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖമാ‌യ ഹമ്പൻതോട്ടയിൽ നങ്കൂരമിടുമെന്ന കാര്യത്തിൽ തീരുമാനമായതിന് പിന്നാലെ ശ്രീലങ്കൻ നാവികസേനക്ക് ഡോർണിയർ വിമാനം കൈമാറി ഇന്ത്യ.  പ്രതിരോധ രം​ഗം ശക്തിപ്പെടുത്തുന്നതിനും പരസ്പര ധാരണ ഊട്ടിയുറപ്പിക്കുന്നതിനുമായാണ്  ശ്രീലങ്കൻ നാവികസേനക്ക് ഡോർണിയർ വിമാനം കൈമാറിയതെന്ന് ഇന്ത്യ വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ നേവി വൈസ് ചീഫ് വൈസ് അഡ്മിറൽ എസ് എൻ ഘോർമാഡെ, കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലേയ്‌ക്കൊപ്പം കടുനായകയിലെ ശ്രീലങ്കൻ എയർഫോഴ്‌സ് ബേസിൽ വെക്കാണ് സമുദ്ര നിരീക്ഷണ വിമാനം കൈമാറിയത്. കൈമാറ്റ ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ സന്നിഹിതനായിരുന്നു.

ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷയും പരസ്പര ധാരണയും പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിനായി ഡോർണിയർ 228 സമ്മാനിക്കുന്നുവെന്ന് കൈമാറ്റ ചടങ്ങിൽ ഹൈക്കമ്മീഷണർ ബാഗ്ലേ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ചടങ്ങ് നടന്നത്. സമുദ്ര നിരീക്ഷണ വിമാനം പ്രവർത്തിപ്പിക്കുന്നതിന് ശ്രീലങ്കൻ നാവികസേനയുടെയും വ്യോമസേനയുടെയും സംഘത്തിന് ഇന്ത്യൻ നാവികസേന പരിശീലനം നൽകിയിരുന്നു. 

2018 ജനുവരിയിൽ സമുദ്ര നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി രണ്ട് ഡോർണിയർ വിമാനങ്ങൾ ആവശ്യമാണെന്ന് ശ്രീലങ്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിമാനങ്ങൾ നൽകുന്ന കാര്യം സർക്കാർ പരി​ഗണിച്ചത്.  സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കുന്ന രണ്ട് ഡോർണിയർ വിമാനങ്ങൾ ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകുമെന്നും അറിയിച്ചു. എച്ച്എഎൽ നിർമ്മിച്ച വിമാനങ്ങൾ കൈമാറിക്കഴിഞ്ഞാൽ, തിങ്കളാഴ്ച നൽകുന്ന ഡോർണിയർ വിമാനം ഇന്ത്യൻ നാവികസേനയ്ക്ക് തിരികെ നൽകും. നാല് മാസക്കാലം ഇന്ത്യയിൽ പ്രത്യേക പരിശീലനം ലഭിച്ച 15 ശ്രീലങ്കൻ എയർഫോഴ്‌സ് ജീവനക്കാരാണ് വിമാനം പ്രവർത്തിപ്പിക്കുക. ശ്രീലങ്കൻ എയർഫോഴ്‌സിൽ (എസ്‌എൽഎഎഫ്) ഇന്ത്യൻ ഗവൺമെന്റ് ടെക്‌നിക്കൽ ടീം അവരുടെ മേൽനോട്ടം വഹിക്കും.

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക്; ആശങ്കയറിയിച്ച് ഇന്ത്യ

ചൈനീസ് കപ്പൽ 'യുവാൻ വാങ് 5' ചൊവ്വാഴ്ച ദക്ഷിണ ഹമ്പൻതോട്ട തുറമുഖത്ത് ഒരാഴ്ചക്കാലം നങ്കൂരമിടുന്നതിന് ഒരു ദിവസം മുമ്പാണ് ഇന്ത്യ ഡോർണിയർ വിമാനം കൈമാറുന്നത്. ഓഗസ്റ്റ് 11 ന് കപ്പൽ തുറമുഖത്ത് എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ശ്രീലങ്കൻ അധികൃതരുടെ അനുമതി ലഭിക്കാത്തതിനാൽ വൈകുകയായിരുന്നു. ഇന്ത്യയുടെ ആശങ്കകൾക്കിടയിൽ സന്ദർശനം മാറ്റിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിലേക്ക് തുറമുഖ പ്രവേശനം കൊളംബോ അനുവദിച്ചു.

click me!