
ദില്ലി: കൊടും ചൂടിൽ ഉരുകി ഉത്തരേന്ത്യ. താപനില അൻപത് ഡിഗ്രിയോടടുത്ത് ഉയർന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് 2025ലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. താപനില 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ഇന്ത്യയിലെ ഒരു സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണ് ശ്രീഗംഗാനഗറിൽ രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
ഇന്നലെ തീവ്ര ഉഷ്ണ തരംഗമുണ്ടായത് പടിഞ്ഞാറൻ രാജസ്ഥാനിലാണ്. കിഴക്കൻ രാജസ്ഥാൻ, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണ തരംഗമുണ്ടായി. രാജസ്ഥാനിലെ ചുരുവിൽ 47.6 ഡിഗ്രി സെൽഷ്യസും ജയ്‌സാൽമീറിൽ 46.9 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഉത്തർ പ്രദേശിൽ സ്കൂളുകളിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 30 വരെ അവധി നൽകിയിരിക്കുകയാണ്. ജൂലൈ ഒന്നിനേ സ്കൂളുകൾ തുറക്കൂ. അതേസമയം അധ്യാപകരും ജീവനക്കാരും ഹാജരാവണം. ഉഷ്ണതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് യുപി സർക്കാർ നിർദേശം നൽകി. ദില്ലിയിലും അത്യുഷ്ണം തുടരുകയാണ്. സഫ്ദർജംഗിൽ ഏറ്റവും ഉയർന്ന താപനില 41.2 ഡിഗ്രി സെൽഷ്യസ് ആണ്.
മൺസൂൺ ജൂൺ 25 ഓടെ ദില്ലി ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 18 ഓടെ മധ്യ, കിഴക്കൻ ഇന്ത്യയുടെ ശേഷിക്കുന്ന ഭാഗങ്ങളിൽ മൺസൂൺ എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.