
ദില്ലി: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി. ന്യൂനപക്ഷ സംരക്ഷണത്തിൽ ഇന്ത്യയ്ക്കുള്ള പരോക്ഷ വിമർശനം അനാവശ്യമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹിന്ദുക്കളുടെ സുരക്ഷയിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്‍റെ തുടർ നടപടി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബംഗ്ലാദേശിൽ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിൽ ഇന്നലെ ഇന്ത്യയുടെ പ്രസ്താവനയെ എതിർത്ത് ബംഗ്ലാദേശ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ പ്രസ്താവനയിലാണ് ഇന്ത്യയ്ക്ക് അതൃപ്തി. പ്രധാനമന്ത്രിയും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ബംഗ്ലാദേശിലെ സാഹചര്യം മോശമായി തുടരുകയാണ്. ആഭ്യന്തരം സംഘര്‍ഷം വ്യാപകമായി തുടരുകയാണ്. ഇതിനിടെയാണ് ഇരുരാജ്യങ്ങള്‍ തമ്മിലും അസ്വാരസ്യങ്ങളുണ്ടാകുന്നത്.
അതേസമയം, ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലെത്തിയതായി തെളിവില്ലെന്ന് വീണ്ടും ബംഗ്ലാദേശ് പൊലീസ് വ്യക്തമാക്കി. ബംഗ്ലാദേശിലെ ചില മാധ്യമങ്ങളും ഇന്ത്യ വിരുദ്ധ സംഘടനകളും ഈ പ്രചാരണം നടത്തുന്നതിനിടെയാണ് പൊലീസ് വിശദീകരണം. ഹാദിയെ വധിച്ച ഫൈസൽ കരീം ഇന്ത്യയിൽ മഹാരാഷ്ട്രയിൽ എത്തിയെന്ന് വരെ ചില ബംഗ്ലാദേശ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇന്ത്യ ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ചും ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും വ്യക്തമാക്കിയുള്ള ഇന്ത്യയുടെ പ്രസ്താവനയ്ക്കുള്ള ബംഗ്ലാദേശിന്‍റെ മറുപടിയിലാണ് കടുത്ത അതൃപ്തി. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആക്രമിച്ചുവെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണം ഇന്ത്യ പ്രസ്താവനയിൽ തള്ളിയിരുന്നു. എന്നാൽ, ഇന്ത്യയുടെ പ്രസ്താവന അംഗീകരിക്കാതെ ദില്ലിയിലെ ബംഗ്ലാദേശ് ഹൈകമ്മീഷന് അടുത്ത് ആള്‍ക്കൂട്ടമെത്തിയത് ആശങ്കയായുണ്ടാക്കുന്നതാണെന്നാണ് ബംഗ്ലാദേശ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണജനകമായ പ്രചാരണമെന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും ഹിന്ദു യുവാവിന്‍റെ കൊലപാതകം ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമമായി ചിത്രീകരിക്കരുതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പിൽ പറയുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തെക്കനേഷ്യൻ രാജ്യങ്ങളുടെയെല്ലാം ഉത്തരവാദിത്വമാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഷെയ്ക് ഹസീനയ്ക്കെതിരായ പ്രക്ഷോഭം നടത്തിയ യുവാക്കളുടെ സംഘടനയായ ഈൻക്വിലാബ് മഞ്ചിന്‍റെ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിനുശേഷമുള്ള സാഹചര്യത്തെക്കുറിച്ച് ഇന്ത്യ ഇന്നലെയാണ് ഔദ്യോഗികമായി പ്രതികരിച്ചത്. ദില്ലിയിലെ ബംഗ്ലാദേശി ഹൈക്കമ്മീഷൻ ഒരു സംഘം ആക്രമിച്ചുവെന്ന് ചില ബംഗ്ലാദേശി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് അടിസ്ഥാഹരിതമാണെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രി 25ഓളം പേർ ഹൈക്കമ്മീഷന് അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. അക്രമത്തിനിടെ ബംഗ്ലാദേസിൽ ഹിന്ദു യുവാവ് ദിപു ചന്ദ്രദാസിനെ മരത്തിൽ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തിയതിലായിരുന്നു പ്രതിഷേധം. ഈ ചെറിയ സംഘം ഹൈക്കമ്മീഷനിലേക്ക് തള്ളിക്കയറിയെന്ന വാർത്ത തെറ്റെന്നും ഇന്ത്യ വ്യക്തമാക്കി. ദിപു ചന്ദ്രദാസിന്‍റെ കൊലയാളികളെ ബംഗ്ലാദേശ് നിയമത്തിനു മുന്നിൽ കൊണ്ടു വരണം. ഹിന്ദുക്കൾ അടക്കമുള്ള ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ബംഗ്ലാദേശ് അധികൃതരുമായി നിരന്തരം സമ്പർക്കത്തിലാണ്.ബംഗ്ലാദേശിൽ ഉരുത്തിരിയുന്ന സാഹചര്യം നിരീക്ഷിക്കുകയാണെന്നും ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.
ഹിന്ദു യുവാവിന്‍റെ കൊലപാതകത്തിൽ പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെരീഫ് ഒസ്മാൻ ഹാദിയുടെ സംസ്കാരം ഇന്നലെ ബംഗ്ലാദേശിൽ നടന്നിരുന്നു. ഈൻക്വിലാബ് മഞ്ചിലെ തന്നെ പ്രവർത്തകനായ ഫൈസൽ കരീമാണ് ഹാദിയെ വധിക്കുന്നതിന് നേതൃത്വം നല്കിയത്. ഇയാൾ നേരത്തെ ഷെയ്ക് ഹസീനയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ ഉണ്ടായിരുന്നു. ഫൈസൽ കരീമിന്‍റെ ഭാര്യ, ഭാര്യാ സഹോദരൻ, ഒരു വനിതാ സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശിനെ പിടിച്ചുലയ്ക്കുന്ന ഒരു സംഭവം ഉണ്ടാകുമെന്ന് ഫൈസൽ വനിത സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. ഫൈസൽ കരീം ബീഹാറിൽ ആദ്യം എത്തുകയും പിന്നീട് പുതിയ സിംകാർഡ് എടുത്ത് മഹാരാഷ്ട്രയിലേക്ക് പോയെന്നും ചില ബംഗ്ലാദേശി മാധ്യമങ്ങൾ വാർത്ത നല്കുന്നുണ്ട്. എന്നാൽ, ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശ് പൊലീസും ഇക്കാര്യം തള്ളിക്കളയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam