'ഭീകരവാദത്തിനെതിരെ കൈ കോര്‍ക്കും'; ഇന്ത്യ-ജപ്പാന്‍ സംയുക്ത പ്രസ്താവന

By Web TeamFirst Published Nov 30, 2019, 9:11 PM IST
Highlights

ഇന്ത്യാ-പെസഫിക് മേഖലയിലെ സുരക്ഷാവിഷയത്തില്‍ ജപ്പാന്‍റെ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനും തീരുമാനം എടുത്തിട്ടുണ്ട്. 

ദില്ലി: ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ അബേയുടെ സന്ദർശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളുടെയും വിദേശ പ്രതിരോധ മന്ത്രിമാ‍ർ തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തി. സ്വന്തം മണ്ണിൽ ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്ന് സംയുക്തപ്രസ്താവനയിൽ പറഞ്ഞു. ജപ്പാനും ഇന്ത്യയും ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള സഹകരണം വർധിപ്പിക്കാനും കൂടിക്കാഴ്ച്ചയിൽ തീരുമാനം എടുത്തു. ഇന്ത്യാ-പെസഫിക് മേഖലയിലെ സുരക്ഷാവിഷയത്തില്‍ ജപ്പാന്‍റെ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനും തീരുമാനം എടുത്തിട്ടുണ്ട്. 

പ്രതിരോധ മേഖലയിലും സഹകരണം വ‍ർധിപ്പിക്കും. ജപ്പാനീസ്  പ്രതിരോധമന്ത്രി താരോ കോനോയും വിദേശകാര്യമന്ത്രി തോഷിമിറ്റ്‌സു മോറ്റേഗിയുമാണ് ചർച്ചയ്ക്കായി ദില്ലിയിൽ എത്തിയത്.  ചർച്ചക്കൾക്ക് മുന്നോടിയായി നേരത്തെ ജപ്പാനീസ് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.  വിവിധ മേഖകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ‍ർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തമാസം ഇന്തോ ജപ്പാനീസ് ഉച്ചകോടിക്കായി ഇന്ത്യയിൽ എത്തുന്ന ജപ്പാനീസ് പ്രധാനമന്ത്രിയെ നരേന്ദ്രമോദി സ്വാഗതം ചെയ്തു.  ചൈന മുന്‍കൈ എടുത്ത് രൂപം നല്‍കിയ ആര്‍സിഇപി പ്രാദേശിക വ്യാപാര കരാറില്‍ ഇന്ത്യ ഇല്ലാതെ ഒപ്പുവയ്ക്കാന്‍ തങ്ങളില്ലെന്ന് ജപ്പാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
 

click me!