
ദില്ലി: അണികള്‍ തമ്മില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തോക്കെടുത്ത് ഭീഷണിയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജാര്‍ഖണ്ഡിലെ ദാല്‍തോന്‍ഗഞ്ച് മണ്ഡലത്തിലാണ് വാക്കേറ്റം കൈവിട്ട് പോകുന്ന ഘട്ടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തോക്കുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എന്‍ ത്രിപാഠി എത്തിയത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ദാല്‍തോന്‍ഗഞ്ചിലെത്തിയ ത്രിപാഠിയെ ചെയ്പൂര്‍ എന്ന സ്ഥലത്തെ പോളിങ് ബൂത്തിലേക്ക് കടത്തി വിടാതെ തടയുന്നതിന് ഇടയിലായിരുന്നു സംഭവം. ബിജെപി സ്ഥാനാര്‍ത്ഥി അലോക് ചൗരസ്യയുടെ അനുഭാവികളാണ് പ്രതിഷേധവുമായി എത്തിയത്.
വഴിതടയലും അസഭ്യ വര്‍ഷവുമായി ബിജെപി അനുയായികള്‍ നിരന്നതോടെയാണ് ത്രിപാഠി തോക്കെടുത്ത് ചൂണ്ടിയത്. ക്ഷുഭിതരായ ബിജെപി അനുഭാവികള്‍ക്കിടയില്‍ നിന്ന് സ്വയം രക്ഷയ്ക്കായാണ് തോക്കെടുത്തതെന്നാണ് ത്രിപാഠി പറയുന്നത്. തന്നെ ചൗരസ്യയുടെ അനുയായികള്‍ കൊല്ലാന്‍ ശ്രമിച്ചു. കാര്‍ അവര്‍ കേടുവരുത്തി. ഒരുവിധത്തിലാണ് താന്‍ അവര്‍ക്ക് നടുവില്‍ നിന്ന് പുറത്തെത്തിയതെന്ന് ത്രിപാഠി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് അധികാരികള്‍ക്കും ഈ സംഭവത്തേക്കുറിച്ച് പരാതിപ്പെടുമെന്ന് ത്രിപാഠി പറഞ്ഞു. ബൂത്ത് പിടുത്തം ഒഴിവാക്കാന്‍ ശക്തമായ സുരക്ഷയിലായിരുന്നു ഈ പ്രദേശം. എന്നാല്‍ ഈ സംവിധാനമെല്ലാം ഉപയോഗിച്ച് ബിജെപി ബൂത്ത് പിടിച്ചെന്നാണ് ത്രിപാഠിയുടെ ആരോപണം. എന്നാല്‍ ആയുധങ്ങള്‍ കാണിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്.
ആറുജില്ലകളിലായി 13 മണ്ഡലങ്ങളിലാണ് ജാര്‍ഖണ്ഡില്‍ ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയത്. ചത്ര, പാലമു, ഗുമ്‍ല, ഗര്‍വാ, ലതേഹര്‍, ലോഹര്‍ദാഗ തുടങ്ങിയ ജില്ലകളില്‍ നക്സലുകളുടെ വിഹാരമുള്ള പ്രദേശങ്ങളാണ് ഏറെയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam