കൊവിഡ് കണക്കിൽ ഇന്ത്യ ചൈനക്കരികെ; നാളെ ചൈനയെ മറികടന്നേക്കാം, ലോകപട്ടികയിൽ രാജ്യം പന്ത്രണ്ടാമത്

By Web TeamFirst Published May 15, 2020, 1:48 PM IST
Highlights

ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം 82,937 പേർക്കാണ് അവിടെ കൊവിഡ് ബാധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 81970 ആയി. 

ദില്ലി: മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ചൈനക്ക് തൊട്ടടുത്ത്. രോ​ഗബാധിതരുടെ പ്രതിദിന വർധനവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, ഒരു ദിവസത്തെ ആകെ പരിശോധന ഒരു ലക്ഷമായി ഉയർന്നു.

ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം 82,937 പേർക്കാണ് അവിടെ കൊവിഡ് ബാധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 81970 ആയി. കൊവിഡ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്തുള്ള ചൈനയുമായി ഇന്ത്യക്കുള്ളത് 967 കേസുകളുടെ മാത്രം വ്യത്യാസം മാത്രമാണ്. ഒരാഴ്ചയായി പ്രതിദിനം മൂവായിരത്തിലേറെ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ നാളെ മറികടന്നേക്കാം എന്നാണ് വിലയിരുത്തൽ. 

ഫെബ്രുവരി 18 ന് ശേഷം ചൈനയിൽ ഒരു ദിവസം പോലും ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിദിന രോഗബാധ നിരക്ക് സംബന്ധിച്ച ലോക പട്ടികയിൽ ചൈനയ്ക്ക് തൊട്ടു താഴെയാണ് ഇപ്പോൾ ഇന്ത്യ. 3.9 ശതമാനമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിദിന രോഗബാധ നിരക്ക്. രാജ്യത്തെ ആകെ കേസിൻ്റെ 33 ശതമാനവും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമായി. 

അതേസമയം, പരിശോധനയുടെ എണ്ണം കൂട്ടിയതിനാലാണ് രോഗബാധ നിരക്കും ഉയർന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. പ്രതിദിന പരിശോധന ഒരു ലക്ഷത്തിലെത്തിച്ചതോടെ ഇതുവരെ 20 ലക്ഷത്തോളം സാമ്പിളുകൾ പരിശോധിക്കാനായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

click me!