ഇന്ത്യയുടെ പക്കല്‍ എണ്ണ സ്റ്റോക്ക് ഉണ്ടോ? യുദ്ധം നീണ്ടാല്‍ പെട്രോളും ഡീസലും റേഷന്‍ ആയി നല്‍കേണ്ടി വരുമോ?..കേന്ദ്രം പറയുന്നതിങ്ങനെ

Published : Mar 06, 2026, 02:38 PM IST
petrol pump

Synopsis

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കി കേന്ദ്ര സര്‍ക്കാര്‍. ആവശ്യത്തിന് കരുതല്‍ ശേഖരമുണ്ടെന്നും ഖത്തറില്‍ നിന്നുള്ള വിതരണത്തില്‍ ആശങ്കയുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ഉറപ്പാക്കി പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യയുടെ ശ്രമം. 

പശ്ചിമേഷ്യയിലെ യുദ്ധത്തിനടിയിലും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കി കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് റേഷന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്നും, നിലവില്‍ ഇന്ത്യയില്‍ ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടയിലും അത്യാവശ്യ മേഖലകളില്‍ പാചകവാതക വിതരണം തടസപ്പെടാതിരിക്കാന്‍ ഗെയില്‍ സുപ്രധാന നിയമനടപടികളിലേക്ക് കടക്കുകയാണ്. ഇതിനായി കമ്പനി 'ഫോഴ്‌സ് മജ്യൂര്‍' പ്രഖ്യാപിച്ചേക്കും.

എന്താണ് ഫോഴ്‌സ് മജ്യൂര്‍?

യുദ്ധം പോലെയുള്ള മുന്‍കൂട്ടി കാണാന്‍ കഴിയാത്ത പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പിഴകളില്‍ നിന്നും നിയമനടപടികളില്‍ നിന്നും കമ്പനികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒരു നിയമപരമായ വ്യവസ്ഥയാണിത്. ഇന്ത്യയ്ക്ക് വലിയ തോതില്‍ ഗ്യാസ് നല്‍കുന്ന രാജ്യമാണ് ഖത്തര്‍. ഖത്തര്‍ എനര്‍ജി ബുധനാഴ്ച ഈ 'ഫോഴ്‌സ് മജ്യൂര്‍' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗെയിലും ഇതേ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ആഗോള എല്‍എന്‍ജി വിതരണത്തിന്റെ 20 ശതമാനവും ഖത്തറാണ് കൈകാര്യം ചെയ്യുന്നത്. പ്രതിദിനം ഇന്ത്യയ്ക്ക് ആവശ്യമുള്ള 195 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ ഗ്യാസില്‍ 60 എംഎംഎസ്സിഎംഡി വരുന്നത് ഖത്തറില്‍ നിന്നാണ്.

സഹായവുമായി ഓസ്‌ട്രേലിയയും കാനഡയും

ഖത്തറില്‍ നിന്നുള്ള വിതരണത്തില്‍ ആശങ്കയുള്ളതിനാല്‍ ഇന്ത്യ പുതിയ വഴികള്‍ തേടുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഗ്യാസ് നല്‍കാന്‍ ഓസ്‌ട്രേലിയയും കാനഡയും തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി യുഎഇയുമായും അമേരിക്കയുമായും ഇന്ത്യ ഇതിനകം പുതിയ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.

കരുതല്‍ ശേഖരം ഭദ്രം; റഷ്യന്‍ എണ്ണ വരും

ലോകത്ത് നിലവില്‍ ക്രൂഡ് ഓയില്‍, എല്‍എന്‍ജി, എല്‍പിജി എന്നിവയ്ക്ക് യാതൊരു ക്ഷാമവുമില്ല. മറ്റ് വിതരണക്കാരുമായി ഇന്ത്യ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പ്രതിദിനം രണ്ട് തവണയാണ് സര്‍ക്കാര്‍ ഇന്ധന സാഹചര്യം വിലയിരുത്തുന്നത്. കരുതല്‍ ശേഖരം ഉള്‍പ്പെടെ എട്ട് ആഴ്ചത്തേക്ക് (ഏകദേശം 56 ദിവസം) ഉപയോഗിക്കാനുള്ള ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും നിലവില്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഇതിനുപുറമെ 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ഇന്‍വെന്ററിയും, 25 ദിവസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ ശേഖരവും രാജ്യത്തുണ്ട്. ഉപയോഗിക്കുന്നതിന് അനുസരിച്ച് ദിവസവും സ്റ്റോക്ക് നിറയ്ക്കുന്നുമുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പ്രഭവകേന്ദ്രമായ ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ 40 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി മാത്രമേ നടക്കുന്നുള്ളൂ. അതിനാല്‍ അവിടെയുണ്ടാകുന്ന വിതരണ തടസ്സങ്ങള്‍ ഇന്ത്യയെ പൂര്‍ണ്ണമായി ബാധിക്കില്ല. പഴയ കരാറുകള്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ തുടര്‍ന്നും നടത്തും.

ഇന്‍ഷുറന്‍സിനായി അമേരിക്കയുമായി ചര്‍ച്ച

ക്രൂഡ് ഓയിലും പാചകവാതകവും മുടങ്ങാതെ വാങ്ങുന്നതിനായി പ്രമുഖ എണ്ണ ഉല്‍പ്പാദകരുമായും വ്യാപാരികളുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരികയാണ്. രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുമായും എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എണ്ണക്കപ്പലുകള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനായി അമേരിക്കയുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനിയൊരു അറിയിപ്പ് വരെ ടെലിവിഷൻ റേറ്റിംഗ് വേണ്ട, ബാർക്കിന് നിർദ്ദേശം നൽകി കേന്ദ്രം; അനാവശ്യ ഭീതി പടർത്തുന്ന യുദ്ധവാർത്തകളുടെ പശ്ചാത്തലത്തിൽ നടപടി
'ചൈനയുടെ കാര്യത്തിൽ പറ്റിയ അമളി ഇന്ത്യയിൽ ആവർത്തിക്കില്ല', അമേരിക്കൻ താൽപ്പര്യങ്ങൾക്ക് മുൻഗണന, വ്യാപാര കരാറിൽ നിലപാട് കടുപ്പിച്ച് അമേരിക്ക