
ദില്ലി: വ്യക്തിപരമായും ജോലി സംബന്ധമായും വൈകാരികമായ ഒരു പ്രതിസന്ധിയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തുർക്കിയിലെ രക്ഷാപ്രവർത്തന ദൗത്യം. ഭൂകമ്പമുണ്ടായി എല്ലാം നഷ്ടപ്പെട്ട ജനതയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ സൈന്യം തുർക്കിയിലേക്ക് തിരിക്കുമ്പോൾ ആ രാത്രിക്ക് രാത്രി തന്നെ യാത്രയുടെ ഭാഗമായി പാസ്പോർട്ടും മറ്റു അനുബന്ധരേഖകളും തയ്യാറാക്കുന്ന തിരക്കിലായിരുന്നു അധികൃതർ. 140 പാസ്പോർട്ടുകളും ഡോക്യുമെന്റ്സും തിരക്കിട്ട് തയ്യാറാക്കുമ്പോൾ തന്റെ പതിനെട്ടുമാസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് പാരാമെഡിക്കൽ ജീവനക്കാരി തുർക്കിയിലേക്ക് തിരിച്ചത്.
ഫെബ്രുവരി ഏഴിനാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലേക്ക് മൂന്ന് സംഘങ്ങളായി സൈന്യം തിരിച്ചത്. 152 പേരാണ് രക്ഷാദൗത്യത്തിൽ ഉണ്ടായിരുന്നത്. തുർക്കിയിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 85 മൃതശരീരങ്ങൾ അവർ കണ്ടെടുത്തു. അതിനിടയിൽ രണ്ടു പെൺകുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. തുർക്കിയിലെ ജനതയുമായുള്ള വൈകാരികമായ അടുപ്പത്തെക്കുറിച്ച് തിരികെ വന്ന ദൗത്യസംഘത്തിലെ അംഗങ്ങൾ വിവരിച്ചിരുന്നു. വളരെ നന്ദിയോടെയാണ് തുർക്കി ജനത തങ്ങളെ യാത്രയയച്ചതെന്ന് അവർ പറയുന്നു.
രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യയെ അഭിനന്ദിച്ച് തുർക്കി അധികൃതരും രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാർക്ക് നന്ദി അറിയിച്ചു കൊണ്ടായിരുന്നു തുര്‍ക്കിയുടെ പ്രതികരണം. തുർക്കിയിൽ നിന്ന് തിരികെയെത്തിയ 'ദേസ്ത്' രക്ഷാ ദൗത്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. റിക്ടർ സ്കെയിൽ 7.8 രേഖപ്പെടുത്തിയ തുടർചലനങ്ങൾ 44,000ത്തോളം ജീവനുകൾ അപഹരിച്ചു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള രക്ഷാദൗത്യ സംഘം വളരെ പെട്ടെന്ന് തന്നെ തുർക്കിയിലേക്കെത്തുന്നത്.
ദൗത്യസംഘത്തിലെ അഞ്ചുപേരിൽ 32കാരിയായ സുഷമാ യാദവ് തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ദൗത്യത്തിന് പുറപ്പെട്ടത്. നമ്മൾ ചെയ്തില്ലെങ്കിൽ പിന്നെയാര് ചെയ്യും രക്ഷാപ്രവർത്തനങ്ങൾ എന്നായിരുന്നു അധികൃതരുടെ ചോദ്യത്തിനുള്ള സുഷമ യാദവിന്റെ മറുപടി. തുർക്കി ജനത അവരുടെ പ്രാദേശികഭാഷയിൽ നന്ദി അറിയിച്ചതായി കമാന്റ് റാങ്ക് ഓഫീസർ പരഷർ പറഞ്ഞു. പ്രദേശ വാസികൾക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയുമായിരുന്നില്ല. മനുഷ്യത്വത്തിന്റേയും ഇന്ത്യയോടുള്ള ബഹുമാനത്തിന്റേതുമായിരുന്നു അവരുടെ ഭാഷ. തുർക്കി ജനതക്ക് രക്ഷപ്പെടാൻ കഴിയട്ടെ. വളരെ വലിയൊരു സ്നേഹവും ബഹുമാനവുമാണ് അവരിൽ നിന്ന് തങ്ങൾക്ക് ലഭിച്ചതെന്നും കമാന്റ് ഓഫീസർ പറഞ്ഞു.
രക്ഷാപ്രവർത്തന കാലയളവിൽ തങ്ങൾക്ക് കുളിക്കാനോ മറ്റു പ്രാഥമിക ആവശ്യങ്ങൾക്കു പോലും ബുദ്ധിമുട്ടിയിരുന്നതായി ദോസ്ത് സംഘാംഗങ്ങൾ പറയുന്നു. പത്തു ദിവസത്തോളം കുളിക്കാതെ കഴിഞ്ഞെന്നാണ് സബ് ഇൻസ്പെക്ടർ ബിന്ദു ബോറിയ പറയുന്നത്. എങ്കിലും തങ്ങൾ താമസിച്ച ഇടങ്ങളെല്ലാം വൃത്തിയാക്കിയതിന് ശേഷമാണ് ദൗത്യസംഘം തിരികെ പോന്നതെന്നും അവർ വ്യക്തമാക്കുന്നു.