കരാര്‍ ചൈന അടക്കം നാല് രാജ്യങ്ങള്‍ക്ക്; 6.3 മില്യണ്‍ റാപ്പിഡ് ടെസ്റ്റ്-പിസിആര്‍ കിറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ

By Web TeamFirst Published May 3, 2020, 11:23 PM IST
Highlights

ദക്ഷിണ കൊറിയ, ജര്‍മനി, യുഎസ്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് കിറ്റുകള്‍ എത്തിക്കുക. മെയ് 10ന് ശേഷം കിറ്റുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തും. ദക്ഷിണ കൊറിയയിലെ സീഗനൈ, എസ്ഡി ബയോസെന്‍സര്‍ എന്നീ കമ്പനികളാണ് ഇന്ത്യക്ക് കിറ്റുകള്‍ നല്‍കുക.

ദില്ലി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യ. കൂടുതല്‍ പേരില്‍ പരിശോധന നടത്താനായി 6.3 മില്യണ്‍ (63 ലക്ഷം) റാപ്പിഡ് ടെസ്റ്റ്-പിസിആര്‍ കിറ്റുകള്‍ക്കുള്ള ഓര്‍ഡറാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. അതിവേഗം 5.3 മില്യണ്‍ (53 ലക്ഷം) പേരില്‍ പരിശോധന നടത്താനാണ് ഇന്ത്യയുടെ തീരുമാനം.

കിറ്റുകള്‍ക്ക് എന്തെങ്കിലും കേടുപാട് സംഭവിക്കുന്നത് മുന്നില്‍ കണ്ടാണ് കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു. ദക്ഷിണ കൊറിയ, ജര്‍മനി, യുഎസ്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് കിറ്റുകള്‍ എത്തിക്കുക. മെയ് 10ന് ശേഷം കിറ്റുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തും.

ദക്ഷിണ കൊറിയയിലെ സീഗനൈ, എസ്ഡി ബയോസെന്‍സര്‍ എന്നീ കമ്പനികളാണ് ഇന്ത്യക്ക് കിറ്റുകള്‍ നല്‍കുക. ജര്‍മനിയിലെ അല്‍ട്ടോണ ഡയഗണോസ്റ്റിക്, അമേരിക്കയിലെ ലൈഫ് ടെക്നോളജീസ്, ചൈനയിലെ ഷാന്‍ഹായ് ഫോറം എന്നീ കമ്പനികളാണ് ഇന്ത്യയിലേക്ക് കിറ്റുകള്‍ എത്തിക്കുക. ഇവരില്‍ ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്നി കമ്പനിക്ക് ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കുന്നത്.

അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 12296 ആയി. ഇതുവരെ 568 പേരാണ് മരിച്ചത്. മുംബൈയിൽ 441 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ രോഗികളുടെ എണ്ണം 8613 ആയി. ഇന്ന് 21 പേരാണ് മുംബൈയിൽ മാത്രം മരിച്ചത്. ധാരാവിയിൽ 94 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ 590 പേർക്കാണ് ധാരാവിയിൽ കൊവിഡ് ബാധിച്ചത്.

click me!