
ദില്ലി: ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ പി4എം സമ്മേളനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്റെ മുന്നറിയിപ്പ്. ഊർജ്ജ രാസവള പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലെ സുതാര്യത ബഹുധ്രുവ ലോകക്രമത്തിന് അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻ്റെ പുരോഗതി അദ്ദേഹം ന്യൂയോർക്കിൽ വച്ച് വിലയിരുത്തി. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അമേരിക്ക അധിക താരിഫ് ഏർപ്പെടുത്താൻ ആലോചിക്കുന്നതിനിടയാണ് ഇന്ത്യയുടെ നീക്കം. 81-ാമത് യു.എൻ ജനറൽ അസംബ്ലിയുടെ ഉന്നതതല പൊതുചർച്ചയ്ക്ക് ഇന്ന് തുടക്കമാകും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെ യു.എൻ വേദിയിൽ സംസാരിക്കും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഇന്ന് ന്യൂയോർക്കിലെത്തും. കനത്ത സുരക്ഷയിൽ നഗരം
വർധിച്ചുവരുന്ന ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലോകസമാധാനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വൻ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഇപ്പോഴുള്ള പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിൽ നിലവിലെ അന്താരാഷ്ട്ര സംഘടനകൾ പരാജയപ്പെടുന്നതും അദ്ദേഹം എടുത്തുപറഞ്ഞു. വികസ്വര രാജ്യങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്ന രീതിയിൽ ഐക്യരാഷ്ട്രസഭയും അതിന്റെ രക്ഷാസമിതിയും പുനഃസംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാത്ത ബഹുരാഷ്ട്ര സംവിധാനങ്ങൾ വിശ്വസനീയമല്ലാതായി മാറുമെന്നും നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനും ആഗോള തലത്തിൽ വികസനം തുല്യമായി ഉറപ്പാക്കാനും പരിഷ്‌കരിച്ച ബഹുരാഷ്ട്രവാദം ഉണ്ടാകണമെന്നും വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.
അതിനിടെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിര അംഗത്വം നൽകണമെന്ന ആവശ്യത്തിന് പിന്തുണയുമായി പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെക്കിയ എന്നിവർ രംഗത്തെത്തി. യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വി4 രാജ്യങ്ങളുമായി വർഷത്തിലൊരിക്കൽ ബിസിനസ് ഫോറവും മന്ത്രിതല ചർച്ചകളും സംഘടിപ്പിക്കാൻ തീരുമാനമായി. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, സാങ്കേതികവിദ്യ, ബഹിരാകാശം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ യോഗത്തിൽ ധാരണയായി. ഇതിനുപുറമെ, ഉക്രെയ്ൻ സംഘർഷം, ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ തുടങ്ങിയ ആഗോള വിഷയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam