കുല്‍ഭൂഷണ്‍ ജാദവുമായുള്ള കൂടിക്കാഴ്ച; പാകിസ്ഥാന്‍റെ ഉപാധികള്‍ ഇന്ത്യ തള്ളി

By Web TeamFirst Published Aug 2, 2019, 1:51 PM IST
Highlights

നയതന്ത്രപ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ സ്വതന്ത്രമായി കാണാന്‍ അനുമതി വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ദില്ലി: പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെക്കാണാന്‍ പാകിസ്ഥാന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ ഇന്ത്യ തള്ളി. നയതന്ത്രപ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ സ്വതന്ത്രമായി കാണാന്‍ അനുമതി വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഇന്ന് കുല്‍ഭൂഷണിനെ കാണാന്‍ ഇടയില്ല.

ഇന്ത്യയുടെ നയതന്ത്രപ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെക്കാണാന്‍ അനുമതി നല്‍കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള നയതന്ത്രപ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെക്കാണാമെന്ന് പാകിസ്ഥാന്‍ അറിയിക്കുകയായിരുന്നു. പാക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാനാവൂ, കൂടിക്കാഴ്ച്ച റെക്കോര്‍ഡ് ചെയ്യും എന്നീ ഉപാധികളും പാകിസ്ഥാന്‍ മുമ്പോട്ടുവച്ചു. ഈ ഉപാധികളാണ് ഇന്ത്യ ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. 

ഭയത്തിന്‍റെ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്താനാവില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഉപാധികളോ ഏതെങ്കിലും തരത്തിലുള്ള തടസ്സമോ കൂടാതെ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് കുല്‍ഭൂഷണിനെ കാണാമെന്നാണ് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നത്. ഉപാധികള്‍ ഇന്ത്യ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പാകിസ്ഥാന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ. പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും കൂടിക്കാഴ്ച സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം. 

click me!