ബിന്നിയും മരണത്തിന് കീഴടങ്ങി: ഇനി ഇന്ത്യയിൽ ആൾക്കുരങ്ങില്ല

By Web TeamFirst Published May 31, 2019, 7:29 PM IST
Highlights

സിങ്കപ്പൂരിൽ നിന്ന് പൂനെയിലേക്ക് കൊണ്ടുവന്ന ബിന്നിയെ 2003 ലാണ് മൃഗശാലയിൽ എത്തിച്ചത്


ഭുബനേശ്വർ: ഇന്ത്യയിൽ ആകെ അവശേഷിച്ച ആൾക്കുരങ്ങ് മരണത്തിന് കീഴടങ്ങി. ഒഡിഷയിലെ നന്ദൻ കനാൻ മൃഗശാലയിൽ കഴിഞ്ഞുവന്ന 41 വയസ്സ് പ്രായമുള്ള ബിന്നിയാണ് മരണത്തിന് കീഴടങ്ങിയത്. 

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു മരണം. ബിന്നിയുടെ കുടവയറിൽ വലിയൊരു മുറിവുണ്ടായിരുന്നു. ബിന്നി ഇതിൽ നിരന്തരം ചൊറിഞ്ഞുകൊണ്ടിരുന്നതിനാൽ ഇത് ഉണങ്ങിയിരുന്നില്ല. ഇതും മരണത്തിലേക്ക് നയിച്ചുവെന്നാണ് മൃഗശാലയിലെ വെറ്ററിനറി സർജൻ പറഞ്ഞത്.

സിങ്കപ്പൂരിൽ നിന്ന് പൂനെയിലേക്ക് കൊണ്ടുവന്ന ഈ മൃഗത്തെ 2003 ലാണ് മൃഗശാലയിൽ എത്തിച്ചത്. സാധാരണയായി ആൾക്കുരങ്ങുകളെ ഇന്ത്യയിൽ കാണാറില്ല. മലേഷ്യയിലും സിങ്കപ്പൂരിലുമൊക്കെയാണ് ഇവയെ കണ്ടുവരാറുള്ളത്. എന്നാൽ ഇവിടങ്ങളിലും ഇവയുടെ എണ്ണത്തിൽ വലിയ കുറവുണ്ടാവുന്നതായാണ് ഈ രംഗത്തെ വിദഗ്ദ്ധ‍ർ പറയുന്നത്.

പാന പോലുള്ള ഒറ്റത്തടി മരങ്ങൾ ഇവയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. എന്നാൽ ഇവ വലിയ തോതിൽ വെട്ടിമാറ്റുന്നതാണ് വനങ്ങളിൽ ആൾക്കുരങ്ങുകളുടെ എണ്ണം കുറയാൻ കാരണമായി പറയുന്നത്. ദിവസത്തിന്റെ സിംഹഭാഗവും മരങ്ങൾക്ക് മുകളിൽ തന്നെ കഴിയുന്നവയാണ് ഈ മൃഗങ്ങൾ.

click me!