Dharmendra Pratap Singh : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ സമാജ് വാദി പാർട്ടിയിൽ

By Web TeamFirst Published Jan 22, 2022, 11:15 PM IST
Highlights

സിംഗിന്റെ പാർട്ടിയിലേക്കുള്ള വരവ് പ്രഖ്യാപിച്ച സമാജ്‌വാദിയുടെ സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പട്ടേൽ ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ കൂടുതൽ ശക്തമാക്കുമെന്ന് പറഞ്ഞു. 

ദില്ലി: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന് അവകാശപ്പെടുന്ന ധർമേന്ദ്ര പ്രതാപ് സിംഗ് (Dharmendra Pratap Singh ) ഇന്ന് സമാജ്‌വാദി പാർട്ടിയിൽ (Samajwadi Party) ചേർന്നു. ഉത്തർപ്രദേശിലെ (Uttarpradesh) പ്രതാപ്ഗഢിൽ നിന്നുള്ള സിംഗിന് 2.4 മീറ്റർ (8 അടി 1 ഇഞ്ച്) ഉയരമുണ്ട്. ലോക റെക്കോഡിന് 11 സെന്റീമീറ്റർ മാത്രം അകലെയാണ് ഇദ്ദേഹം.

സിംഗിന്റെ പാർട്ടിയിലേക്കുള്ള വരവ് പ്രഖ്യാപിച്ച സമാജ്‌വാദി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പട്ടേൽ ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ കൂടുതൽ ശക്തമാക്കുമെന്ന് പറഞ്ഞു. 

"സമാജ്‌വാദി പാർട്ടിയുടെ നയങ്ങളിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും വിശ്വാസം പ്രകടിപ്പിച്ച് പ്രതാപ്ഗഡിലെ ധർമേന്ദ്ര പ്രതാപ് സിംഗ് ഇന്ന് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു..." ധർമ്മേന്ദ്ര പ്രതാപ് സിങ്ങിനെ പാർട്ടിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പട്ടേൽ വ്യകതമാക്കി. 

തന്റെ ഉയരം കാരണം ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പുറത്തിറങ്ങുമ്പോൾ വളരെയധികം ശ്രദ്ധ നേടാറുണ്ടെന്ന് സിംഗ് പറയുന്നു. "ഞാൻ വളരെയധികം ജനപ്രിയനാണ്, ഇതെല്ലാം എന്റെ ഉയരം കാരണമാണ്," അദ്ദേഹം ദ ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആളുകൾ തനിക്കൊപ്പം ഒരു ചിത്രം എടുക്കാൻ ആഗ്രഹിക്കുമ്പോൾ, തനിക്ക് ഒരു സെലിബ്രിറ്റിയെപ്പോലെ തോന്നുന്നുവെന്ന് ഒരു അഭിമുഖത്തിൽ സിംഗ് പറഞ്ഞിരുന്നു.

ഫെബ്രുവരി 10 നും മാർച്ച് 7 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും. തന്റെ കുടുംബത്തിന്റെ തട്ടകമായ മെയിൻപുരി ജില്ലയിലെ കർഹാൽ സീറ്റിൽ താൻ മത്സരിക്കുമെന്ന് അഖിലേഷ് യാദവ് ഇന്ന് പ്രഖ്യാപിച്ചു. ഗോരഖ്പൂരിൽ നിന്ന് അഞ്ച് തവണ ലോക്‌സഭാ എംപിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മണ്ഡലത്തിലെ ഒരു സീറ്റിൽ നിന്ന് മത്സരിക്കും.

click me!