മുഖ്യ വിവരവകാശ കമ്മീഷണർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ തുടങ്ങിയ സുപ്രധാന നിയമനങ്ങളിൽ രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകി. നിയമന പട്ടികയിൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്നും ചില വ്യക്തികളുടെ സുതാര്യതയിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി.
ദില്ലി : രാജ്യത്തെ സുപ്രധാന ഭരണഘടനാ ചുമതലകളായ മുഖ്യ വിവരവകാശ കമ്മീഷണർ, വിവരവകാശ കമ്മീഷണർമാർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ എന്നിവരുടെ നിയമനം സംബന്ധിച്ച് ഇന്ന് ചേർന്ന നിർണ്ണായക സമിതി യോഗത്തിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയോജന കുറിപ്പ് രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയാണ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകൾ ചർച്ച ചെയ്തത്.
നിയമനത്തിന് പരിഗണിച്ച സർക്കാർ പട്ടികയിൽ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. നിയമനത്തിനായി പരിഗണിച്ച പേരുകളുടെ പട്ടികയിൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തീരെ പ്രാതിനിധ്യമില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാമൂഹ്യ നീതി ഉറപ്പാക്കേണ്ട സുപ്രധാന പദവികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം നിഷേധിക്കുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ചില വ്യക്തികളുടെ സുതാര്യതയുടെ കാര്യത്തിൽ സംശയങ്ങളുണ്ടെന്നും, അവരുടെ മുൻകാല പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സുതാര്യത ഉറപ്പാക്കേണ്ട സ്ഥാപനങ്ങളുടെ തലപ്പത്ത് അത്തരം വ്യക്തികളെ നിയമിക്കുന്നത് സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തും.
നിയമനം ലഭിക്കുന്നതിന് മുമ്പ് തന്നെ ചില പേരുകൾ മാധ്യമങ്ങളിൽ പ്രചരിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയുടെ സൂചനയാണെന്നും, അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിൽ സർക്കാർ ഏകപക്ഷീയമായി ഇടപെട്ടതായും രാഹുൽ ഗാന്ധി വിയോജന കുറിപ്പിൽ രേഖപ്പെടുത്തി.
മുഖ്യ വിവരവകാശ കമ്മീഷണർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ തുടങ്ങിയ സുപ്രധാന തസ്തികകളിലെ നിയമനം കേന്ദ്ര സർക്കാരിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുടെ അംഗീകാരത്തോടെയാണ് നടക്കുന്നത്. ഈ സമിതിയിൽ പ്രധാനമന്ത്രി (ചെയർമാൻ), ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരാണ് അംഗങ്ങൾ.വിയോജന കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും, സമിതി യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം സർക്കാരിന് അനുകൂലമായതിനാൽ നിയമന നടപടികളുമായി സർക്കാർ മുന്നോട്ട് പോകാനാണ് സാധ്യത.


