
ദില്ലി: 200 കോടി ആളുകളെ ബാധിക്കുന്ന വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവച്ചു. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനം ഉൽപന്നങ്ങൾക്കും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും എന്നുമാണ് ലഭ്യമാവുന്ന വിവരം. ബിയറിനും വൈനിനും അടക്കം വിവിധയിനം മദ്യത്തിനും വലിയ രീതിയിലെ വിലക്കുറവ് കരാറിനേ തുടർന്ന് ഉണ്ടാവും. വിദേശ മദ്യത്തിന് പൊതുവെ ഇന്ത്യയിൽ വില കൂടുതലാണ്, വിദേശ മദ്യത്തിന്റെ വില കുത്തനെ കുറയുമെന്നാണ് ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വിലയാണ് കുറയുന്നത്. സ്വീഡൻ, ഇംഗ്ലണ്ട്, ഇറ്റലി, നെതർലാൻഡ്സ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബിയറിന്റെ തീരുവ 50 ശതമാനവും വിസ്കി ഉൾപ്പെടെയുള്ള മദ്യത്തിന് 40 ശതമാനവും കുറയും. ഇതോടെ വളരെ കുറഞ്ഞ വിലയിൽ ഇത്തരം മദ്യം ലഭ്യമാകും. വിദേശ വൈനുകളുടെ തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കും. ഇതോടെ വിദേശ വൈനുകളും ഇന്ത്യയിൽ സാധാരണ വിലയ്ക്ക് ലഭ്യമാകും.
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളും വലിയ രീതിയിൽ മദ്യ ഉത്പാദകരാണ്. ഇതിൽ മിക്ക രാജ്യങ്ങളിലെയും മദ്യം ഇന്ത്യയിൽ ലഭ്യമാണ്. നിലവിൽ വിദേശ മദ്യത്തിന് 110 ശതമാനം തീരുവയാണ് ഈടാക്കുന്നത്. അതായത് 850 രൂപ ഫാക്ടറി വിലയുള്ള മദ്യത്തിന് തീരുവ ഉൾപ്പെടെ ഇന്ത്യയിൽ 1,785 രൂപയാകും. വിപണിയിൽ എത്തുമ്പോൾ ഇത് 3,000 രൂപയാകും. തീരുവ കുറയുന്നതോടെ ഇതിന്റെ വില 2,000 രൂപയായി കുറയും. സ്വീഡിഷ് ബ്രാൻഡായ അബ്സൊല്യൂട്ട് വോഡ്കയ്ക്ക് ഇന്ത്യയിൽ വലിയ പ്രചാരമുണ്ട്. നിലവിൽ 4,000 രൂപയാണ് ഇതിന്റെ വില. തീരുവ കുറയുന്നതോടെ വില 2,500-3,000 രൂപയായി കുറയും. 2,000 രൂപ വിലയുള്ള ഫ്രഞ്ച് വൈനുകൾ 1200 രൂപയ്ക്ക് ലഭ്യമാകും. (ഓരോ സംസ്ഥാനത്തെയും നികുതി അനുസരിച്ചാവും വിലയിലെ മാറ്റം).
വിനോദസഞ്ചാര മേഖലയിലും വിപണിയിലും ആധിപത്യം സ്ഥാപിക്കുന്നതിനായി കുറഞ്ഞ വിലയിലുള്ള മദ്യങ്ങളെയും പ്രോത്സാഹിപ്പിക്കും. തീരുവ കുറയുന്നതോടെ വിദേശി മദ്യങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്ന മദ്യ ബ്രാൻഡുകൾക്ക് കടുത്ത മത്സരം നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam