പാക് സൈനിക അഭ്യാസം നിരീക്ഷിച്ച് ഇന്ത്യ; യുദ്ധകപ്പലുകൾ പശ്ചിമ തീരത്ത് വിന്യസിച്ചു

By Web TeamFirst Published Sep 26, 2019, 3:04 PM IST
Highlights

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യാ - പാക് ഏറ്റുമുട്ടൽ നാളെ നടക്കാനിരിക്കെ പാകിസ്ഥാൻറെ സൈനിക അഭ്യാസം നിരീക്ഷിക്കാൻ യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യ.

ദില്ലി: പാകിസ്ഥാൻറെ സൈനിക അഭ്യാസം നിരീക്ഷിക്കാൻ യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യ. പശ്ചിമ തീരത്താകെ അതീവ ജാഗ്രതയ്ക്ക് നിർദ്ദേശമുണ്ട്. ഇതിനിടെ ജമാഅത്ത് ഉദ്ദവ തലവൻ ഹാഫിസ് സയിദിന് പണം പിൻവലിക്കാനുള്ള അനുമതിക്ക് പാകിസ്ഥാൻ യുഎൻ സുരക്ഷാ സമിതിയെ സമീപിച്ചത് ഇന്ത്യയ്ക്ക് ആയുധമായി. 

മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചുള്ള സൈനിക അഭ്യാസത്തിനാണ് പാകിസ്ഥാൻ അറേബ്യൻ സമുദ്രത്തിൽ തയ്യാറെടുക്കുന്നത്. പാകിസ്ഥാൻറെ നീക്കം ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് യുദ്ധകപ്പലുകൾ, മുങ്ങികപ്പലുകൾ എന്നിവ മുന്നോട്ടു നീങ്ങി പാകിസ്ഥാൻറെ അഭ്യാസം നിരീക്ഷിക്കാൻ തീരുമാനിച്ചത്. നാവികസേനയുടെ പട്രോളിംഗ് വിമാനങ്ങളും നിരീക്ഷണത്തിന് ഉപയോഗിക്കും. ഏതു സാഹചര്യവും നേരിടാൻ സുസജ്ജമെന്ന് നാവികസേന വൃത്തങ്ങൾ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യാ - പാക് ഏറ്റുമുട്ടൽ നാളെ നടക്കാനിരിക്കെയാണ് പശ്ചിമതീരത്തെ ഈ സേനാവിന്യാസം. ജമാഅത്ത് ഉദ്ദവ തലവൻ ഹാഫിസ് സയിദിന് ബാങ്ക് അക്കൗണ്ടിൽ നിന്ന്  ചികിത്സയ്ക്ക് ഒന്നരലക്ഷം പാകിസ്ഥാനി രൂപ പിൻവലിക്കാനാണ് യുഎൻ അനുമതി നല്കിയത്. ഭീകരരെ പാകിസ്ഥാൻ സഹായിക്കുന്നു എന്ന വാദം ഉയർത്താൻ ഇന്ത്യ ഇക്കാര്യം ചൂണ്ടിക്കാട്ടും. ന്യൂയോർക്കിൽ നടന്ന ഷാങ്കായി സഹകരണ സംഘടനാ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യസഹമന്ത്രി വി മുരളീധരനും പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു.  ഭീകര സംഘടനകൾക്ക് പണം നല്കുകയും പ്രോത്സാഹിപ്പിക്കുകയും അവർക്ക് അഭയം നല്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനിയെ നരേന്ദ്രമോദി ഇന്ന് കാണും. പാകിസ്ഥാനല്ല ഇറാനാണ് ഭീകരവാദത്തിൻറെ പ്രഭാവകേന്ദ്രം എന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. നാളെ നരേന്ദ്രമോദിയുടെ പ്രസംഗത്തിനു തൊട്ടുപിന്നാലെ ഇമ്രാൻ ഖാനും ഐക്യരാഷ്ട്ര പൊതുസഭയിൽ സംസാരിക്കും. 


 

click me!