'ഇത് നീതിയല്ല'; ഡി കെ ശിവകുമാറിനെ തിഹാറില്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

By Web TeamFirst Published Sep 26, 2019, 2:51 PM IST
Highlights
  • ശിവകുമാറിന്‍റെ ജാമ്യാപേക്ഷ ദില്ലി റോസ് അവന്യു കോടതി തള്ളിയിരുന്നു
  • അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, ഡി കെ സുരേഷ് എന്നീ നേതാക്കളാണ് ശിവകുമാറിനെ സന്ദര്‍ശിച്ചത്
  • കര്‍ണാടക കോണ്‍ഗ്രസിന്‍റെ സുപ്രധാന മുഖങ്ങളിലൊന്നായിരുന്നു ശിവകുമാര്‍

തീഹാര്‍: കള്ളപ്പണക്കേസില്‍ ജാമ്യം ലഭിക്കാതെ തിഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക മുന്‍ മന്ത്രി ഡി കെ ശിവകുമാറിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും തിഹാറില്‍ കഴിയുന്ന പി ചിദംബരത്തെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കള്‍ അടങ്ങിയ സംഘം ശിവകുമാറിനെയും സന്ദര്‍ശിച്ചത്.

അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, ഡി കെ സുരേഷ് എന്നിവരാണ് തിഹാറിലെത്തിയത്. ശിവകുമാറിനോട് ചെയ്യുന്നത് നീതിയല്ലെന്നാണ് സന്ദര്‍ശനത്തിന് ശേഷം ആനന്ദ് ശര്‍മ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ മൗലിക അവകാശങ്ങളും, ആരോഗ്യവും എല്ലാം പ്രശ്നമായിരിക്കുകയാണ്. കോടതി നീതി നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിവകുമാറിന്‍റെ ജാമ്യാപേക്ഷ ഇന്നലെ ദില്ലി റോസ് അവന്യു കോടതി തള്ളിയിരുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി.

ജാമ്യാപേക്ഷ തള്ളിയതോടെ ജയിലില്‍ തന്നെ ശിവകുമാര്‍ തുടരും. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദില്ലി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. ഏഴാം നമ്പർ ജയിലിലെ രണ്ടാം വാർഡിലാണ് ശിവകുമാറുള്ളത്.

ഡി കെ ശിവകുമാറിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും

തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് സെപ്റ്റംബര്‍ മൂന്നിന് ശിവകുമാറിനെ എന്‍ഫോഴ്‍സ്‍മെന്‍റ് അറസ്റ്റ് ചെയ്തത്. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് അറിയിച്ചായിരുന്നു അറസ്റ്റ്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്.

click me!