സേന പിൻമാറണം; ചൈനയുമായുള്ള പ്രശ്നപരിഹാരത്തിന് ഉപാധികളുമായി ഇന്ത്യ

By Web TeamFirst Published Jun 4, 2020, 10:52 AM IST
Highlights

ശനിയാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ ഈ നിർദ്ദേശങ്ങൾ മുമ്പോട്ട് വെക്കുമെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ദില്ലി: ചൈനയുമായുള്ള അതിർത്തി പ്രശ്നപരിഹാരത്തിന് ഉപാധി വച്ച് ഇന്ത്യ. ചൈനീസ് സേന നിലവിലുള്ള പ്രദേശത്തു നിന്ന് പിൻമാറണം. ടാങ്കുകളും തോക്കുകളും അതിർത്തിയിൽ നിന്ന് പിൻവലിക്കണം എന്നീ ഉപാധികളാണ് ഇന്ത്യ മുമ്പോട്ടുവെക്കുന്നത്. ശനിയാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ ഈ നിർദ്ദേശങ്ങൾ മുമ്പോട്ട് വെക്കുമെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ചൈനീസ് സേന മെയ് ആദ്യവാരത്തിന് മുമ്പുള്ള സ്ഥാനത്തേക്ക് മാറണമെന്നാണ് ഇന്ത്യ നിർദ്ദേശിക്കുന്നത്. അതേസമയം, ബോഫേഴ്സ് തോക്കുകൾ ഇന്ത്യയും ലഡാക്ക് മേഖലയിൽ എത്തിച്ചിട്ടുണ്ട്. അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്ച. ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് രാജ്നാഥ് സിം​ഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യാ-ചൈന അതിർത്തിയിൽ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയൻ അഭിപ്രായപ്പെട്ടതിനു പിന്നാലെയായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. പ്രശ്നപരിഹാരത്തിന് നയതന്ത്ര തലത്തിൽ തുറന്ന ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ലീജിയൻ പറഞ്ഞിരുന്നു.  

Read Also: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 9304 പുതിയ രോഗികള്‍...

 

click me!