കാനഡക്കാർക്ക് ഇന്ത്യയിലേക്ക് വരാനാവില്ല: വീസ വിതരണത്തിൽ കടുത്ത നിലപാടെടുത്ത് ഇന്ത്യ

Published : Sep 21, 2023, 12:22 PM ISTUpdated : Sep 21, 2023, 01:11 PM IST
കാനഡക്കാർക്ക് ഇന്ത്യയിലേക്ക് വരാനാവില്ല: വീസ വിതരണത്തിൽ കടുത്ത നിലപാടെടുത്ത് ഇന്ത്യ

Synopsis

കനേഡിയൻ പൗരൻമാർക്ക് ഇന്ത്യൻ വിസ നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ചു. 

ദില്ലി: കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് നിറുത്തിവച്ച് ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യൻ വിസ സർവ്വീസ് നിറുത്തുവയ്ക്കുന്നതായി വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു.  ഇന്ത്യയിലെ കേസുകളിൽ പ്രതിയായ ഖലിസ്ഥാൻ തീവ്രവാദി സുഖ ദുനെകെ കൂടി കാനഡിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചു. 

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനറെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം പൊട്ടിത്തെറിയിലെത്തി നിൽക്കേയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. കാനഡയിൽ ഇന്ത്യയിലേക്കുള്ള വിസ സേവനം കൈകാര്യം ചെയ്യൂന്ന ബിഎൽഎസ് ആണ് സർവ്വീസ് സസ്പെൻഡ് ചെയ്തു എന്ന് വെബ്സൈറ്റിലൂടെ അറിയിച്ചത്. വിദേശകാര്യമന്ത്രാലയം ഇത് പിന്നീട് സ്ഥീരീകരിച്ചു. ചില വിഷയങ്ങൾ കാരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിറുത്തിവയ്ക്കുന്നു എന്നാണ് അറിയിപ്പ്.

മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് നിലവിൽ കാനഡയിലുള്ളത്. ഇന്ത്യയിലെ വിസ സർവ്വീസുകൾ ഈ സാഹചര്യത്തിൽ കാനഡയും സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും.  ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് നിജ്ജാറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തിൽ ചർച്ചയാക്കാൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. ജി 7 രാജ്യങ്ങൾ ഇക്കാര്യത്തിൽ കൂട്ടായ പ്രസ്താവന ഇറക്കണമെന്ന കാനനഡയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല. എന്നാൽ വിഷയം ഗൗരവമേറിയതാണെന്ന് ഇന്ത്യയിലെ അമേരിക്കൻ വക്താവ് പറഞ്ഞു

വ്യാജ പാസ്പോർട്ടിൽ കാന‍ഡയിലേക്ക് കടന്ന സുഖ ദുൻകെ എന്ന സുഖ് ദൂൽ സിംഗാണ് കാനഡയിലെ വിന്നിപെഗിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. രണ്ടു വിഭാഗങ്ങൾക്കിടയിലെ കുടിപകയിലാണ് എൻഐഎ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദുൻകെ കൊല്ലപ്പെട്ടത്. ഇന്ത്യയിൽ ജയിലിലുള്ള ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ  സംഘം കൊലപാതകത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഹിജ്ജാർ കൊല്ലപ്പെട്ടതും സമാന ഏറ്റുമുട്ടലിലാണെന്നാണ് ഇന്ത്യയുടെ വാദം. 

ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു. കാനഡയുടെ നിലപാടിനെതിരെയുള്ള അമർഷം അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ മന്ത്രി എസ് ജയശങ്കർ തുറന്നുപറഞ്ഞിരുന്നു.

അടുത്ത പൊതു തെരഞ്ഞെടുപ്പ് 2025 ൽ നടക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പടെ ജി7 രാജ്യങ്ങളെ കൂടെ നിർത്താനുള്ള നീക്കവും ട്രൂഡോ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭീകരവാദത്തെ അനുകൂലിക്കുന്ന ട്രൂഡോയുടെ നിലപാട് പ്രധാന രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തും. 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്.

മലയാളികൾ അടക്കം 75000 പേർ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയിൽ പഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ ഈ തർക്കം കാനഡയിലേക്ക് പോകുന്നവരെയും ബാധിച്ചേക്കാം. ട്രൂഡോയുടെ നിലപാട് നിരീക്ഷിച്ച ശേഷമാകും കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുക.

കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ ഇന്ത്യ, വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു