പ്രതിരോധസേനകളുടെ ഏകീകൃത കമാൻഡ് സ്ഥാപിക്കാൻ ഇന്ത്യ; രാജ്നാഥ് സിംഗ് ലഡാക്കിൽ എത്തി;സേനാതാവളങ്ങൾ സന്ദർശിക്കും

By Web TeamFirst Published Jun 27, 2021, 2:37 PM IST
Highlights

ചൈനീസ് അതിർത്തിയിലുൾപ്പടെ പ്രതിരോധ സേനകളുടെ ഏകീകൃത കമാൻഡുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്രം അനുമതി നല്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.

ദില്ലി: ഇന്ത്യ ചൈന സേനാതല ചർച്ചകൾ വീണ്ടും തുടങ്ങാനിരിക്കെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി. അതിർത്തിക്കടുത്തെ സേനാതാവളങ്ങൾ രാജ്നാഥ് സിംഗ് സന്ദർശിക്കും. ഇതിനിടെ ചൈനീസ് അതിർത്തിയിലുൾപ്പടെ പ്രതിരോധ സേനകളുടെ ഏകീകൃത കമാൻഡുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്രം അനുമതി നല്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.

പാങ്കോംഗ് തടാകതീരത്ത് നിന്ന് ഇന്ത്യ ചൈന സേനകളുടെ പിൻമാറ്റം സാധ്യമായെങ്കിലും തുടർ ചർച്ചകൾ വഴിമുട്ടി നില്ക്കുകയാണ്. സേന കമാൻഡർ തല ചർച്ച വീണ്ടും തുടങ്ങാം എന്ന ആലോചനയ്ക്കു പിന്നാലെയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിൽ എത്തിയത്. കരസേന മേധാവി ജനറൽ എംഎം നരവനെയും രാജ്നാഥ് സിംഗിനൊപ്പമുണ്ട്. 14 കോർ കമാൻഡിലെ ഉന്നത ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രി കണ്ടു. അതിർത്തിക്കടുത്തെ ചില സേന താവളങ്ങളിലും പ്രതിരോധമന്ത്രി എത്തി. ചൈനയുമായി വിട്ടുവീഴ്ചയില്ല. എന്നാൽ ചർച്ചകൾ തുടരും എന്ന സന്ദേശമാണ് സേനയ്ക്ക് രാജ്നാഥ് സിംഗ് നല്കുന്നത്. 

ഇതിനിടെ ചൈനീസ് അതിർത്തിയുടെ സംരക്ഷണത്തിന് പ്രതിരോധ സേനകളുടെ ഏകീകൃത കമാൻഡ് രൂപീകരിക്കാനുള്ള നിർദ്ദേശം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് നല്കി. മൂന്നു സേനകളും ചേർന്നുള്ള കമാൻഡ് വേണം എന്നാണ് നിർദ്ദേശം. പാക് അതിർത്തിയിൽ മറ്റൊരു ലാൻഡ് തിയേറ്റർ കമാൻഡിനും ശുപാർശയുണ്ട്. വ്യോമ പ്രതിരോധം, നാവിക പ്രതിരോധം എന്നിവയ്ക്ക്  ഏകീകൃത കമാൻഡുകൾ വേണം എന്ന നിർദ്ദേശവുമുണ്ട്. ജമ്മുകശ്മീരിന് മാത്രമായി ഒരു കമാൻഡ് വേണോ എന്ന ആലോചനയുമുണ്ട്. ഏകീകൃത കമാൻഡ് എല്ലാ സേന മേധാവിമാരും ഉൾപ്പെടുന്ന ചീഫ് ഓഫ് ഡിഫൻസ് സമിതിക്കാവും റിപ്പോർട്ട് ചെയ്യുക. നിലവിൽ ഇന്ത്യയുടെ ആണവ പ്രതിരോധത്തിനും ആൻഡമാൻ നിക്കോബാറിനും ഏകീകൃത കമാൻഡുകൾ സേനയിലുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഏകീകൃത കമാൻഡ് രൂപീകരിച്ചുള്ള തീരുമാനം വന്നേക്കും. നിർദ്ദേശത്തോട് വ്യോമസേന ഇതുവരെ യോജിച്ചിട്ടില്ല എന്നാണ് സൂചന. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!