അഫ്ഗാൻ രക്ഷാ ദൗത്യം തുടരാൻ ഇന്ത്യ; ചൈന-പാക് ഇടനാഴിക്ക് പിന്തുണയുമായി താലിബാൻ

By Web TeamFirst Published Sep 7, 2021, 1:46 PM IST
Highlights

അഫ്ഗാൻ സ്വദേശികളായ 130 സിഖ് പൗരന്മാരെയും കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. താലിബാൻ ഇതിന് അനുവാദം നൽകിയോയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല

ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ വീണ്ടും തുടങ്ങുന്നു. മുന്നൂറ് പേരെക്കൂടി ഈയാഴ്ച തിരികെ എത്തിക്കും. അതേസമയം ചൈനയോട് ആഭിമുഖ്യം കൂടുതൽ വ്യക്തമാക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് താലിബാൻ. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി സഹകരിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്ന് നേരിട്ട് 560 പേരെയാണ് ആറ് വിമാനങ്ങളിലായി ഇന്ത്യ ദില്ലിയിൽ കൊണ്ടു വന്നത്. ഇതിൽ പകുതിപേർ അഫ്ഗാൻ സ്വദേശികളാണ്. ഇനി എത്രപേർ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നുവെന്ന കണക്ക് സർക്കാർ നൽകിയിട്ടില്ല. എന്നാൽ 300 പേരെ ഈയാഴ്ച കൊണ്ടുവരുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിന് സൗകര്യം ഒരുക്കാൻ ഐടിബിപിക്ക് സർക്കാർ നിർദ്ദേശം നൽകി.

അഫ്ഗാനിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ അമ്മയും കുഞ്ഞും

 

എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം നൽകി. വിമാനത്താവളം തുറക്കാൻ തുർക്കിയുടെയും യുഎഇയുടെയും സഹായം നേരത്തെ താലിബാൻ തേടിയിരുന്നു. അഫ്ഗാൻ സ്വദേശികളായ 130 സിഖ് പൗരന്മാരെയും കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. താലിബാൻ ഇതിന് അനുവാദം നൽകിയോയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗം സ്ഥിതി വിലിയിരുത്തി. 

താലിബാൻറെ കാര്യത്തിലെ നിലപാട് ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെയാണ് ചൈന-പാകിസ്ഥാൻ ഇടനാഴിയുമായി സഹകരിക്കുമെന്ന് താലിബാൻ അറിയിച്ചത്. പാക് അധീന കശ്മീർ വഴിയുള്ള പദ്ധതിയോടെ താലിബാൻ സഹായിക്കുന്നത് ഇന്ത്യയുടെ നയത്തെയും സ്വാധീനിച്ചേക്കാം. വ്യാഴാഴ്ച നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പാക്കിസ്ഥാന്റെ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകൾ സജീവമാകുന്നതിനെതിരെയുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി നൽകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!