ശത്രുരാജ്യത്തിന്‍റെ റഡാറുകളെ കണ്ടുപിടിക്കാന്‍ ത്രീ-ഇന്‍-വണ്‍ സാറ്റ്‍ലൈറ്റ് മിഷനുമായി ഇന്ത്യ

By Web TeamFirst Published Mar 30, 2019, 9:43 PM IST
Highlights

ശത്രുരാജ്യത്തിന്‍റെ റഡാറുകളെ കണ്ടുപിടിക്കാനും അവയുടെ ചിത്രങ്ങള്‍ ശേഖരിക്കാനും ശേഷിയുളള എമിസാറ്റ് സാറ്റ്‍ലൈറ്റാണ് ഏപ്രില്‍ ഒന്നിന് നടക്കുന്ന ലോഞ്ചിന്‍റെ മുഖ്യ ആകര്‍ഷണം.

ന്യൂഡല്‍ഹി:  മിഷന്‍ ശക്തിയുടെ വിജയത്തിന് ശേഷം മറ്റൊരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ പ്രതിരോധരംഗം. പി എസ് എല്‍ വിയുടെ പുതിയ നിരീക്ഷണ സാറ്റ്‍ലൈറ്റാണ് ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. ശത്രുരാജ്യത്തിന്‍റെ റഡാറുകളെ കണ്ടുപിടിക്കാന്‍ ശേഷിയുളള സാറ്റ്‍ലൈറ്റിനെ ത്രീ-ഇന്‍-വണ്‍ എന്ന് പേരിട്ട മിഷനിലൂടെയാകും വിക്ഷേപിക്കുക. 
 

ശത്രുരാജ്യത്തിന്‍റെ റഡാറുകളെ കണ്ടുപിടിക്കാനും അവയുടെ ചിത്രങ്ങള്‍ ശേഖരിക്കാനും ശേഷിയുളള എമിസാറ്റ് സാറ്റ്‍ലൈറ്റാണ് ഏപ്രില്‍ ഒന്നിന് നടക്കുന്ന ലോഞ്ചിന്‍റെ മുഖ്യ ആകര്‍ഷണം. 436 കിലോ ഭാരമുളള എമിസാറ്റ് ഡിആര്‍ഡിഒ ആണ് നിര്‍മ്മിച്ചത്. 

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലാദ്യമായി സാറ്റ്‍ലൈറ്റ് ലോഞ്ച് കാണാന്‍  സാധാരണ  ജനങ്ങള്‍ക്ക് അനുമതി നല്‍കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സാറ്റ്‍ലൈറ്റുകളെ മൂന്ന് ഓര്‍ബിറ്റുകളിലായി സ്ഥാപിക്കുന്നതും ഇതാദ്യമായാണ്. ഇതിലൂടെ ലോഞ്ച് കോസ്റ്റ് കുറയ്ക്കാനാകും. ഇതൊരു ത്രീ-ഇന്‍-വണ്‍ മിഷനാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. 

എമിസാറ്റിനൊപ്പം പിഎസ്എല്‍വിയുടെ 28 സാറ്റ്‍ലൈറ്റുകളാണ്  ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ഈ ദൗത്യത്തില്‍ പിഎസ്എല്‍വി സി-45 ല്‍ വിക്ഷേപിക്കുന്ന എമിസാറ്റിനാകും കൂടുതല്‍ പ്രാധാന്യം നല്‍കുക.  ശ്രീഹരിക്കോട്ടയില്‍ നിന്നുളള 71-ാമത്തെ ലോഞ്ചാണിത്. 

മാര്‍ച്ച് 27 നാണ് മിഷന്‍ ശക്തി എന്ന പേരിട്ട ദൗത്യത്തിലൂടെ ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്താന്‍ ശേഷിയുള്ള  ഉപഗ്രഹവേധ മിസൈല്‍  ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്.

click me!