
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴാം ഘട്ടത്തോടെ ഇന്ന് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതൽ 4 സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. അണ്ണാ ഡിഎംകെയ്ക്ക് പരമാവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.
കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബിജെപിക്കെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവ്വേയിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ ടുഡേ എക്സിറ്റ് പോൾ സർവ്വേ പ്രകാരം ബിജെപി കേരളത്തിൽ വളരെ മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ പ്രവചിക്കുന്നു.
തമിഴ്നാട്ടിൽ ബിജെപി 2 മുതൽ 4 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 33 മുതൽ 37 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. ബിജെപി 48%, കോൺഗ്രസ് 41%, ജെഡിഎസ് 7%, മറ്റുള്ളവർ 4% എന്നിങ്ങനെയാണ് ഇന്ത്യാ ടുഡേ സർവേയിലെ കർണാടകയിലെ വോട്ട് വിഹിതം. ഝാർഖണ്ഡിൽ എൻഡിഎ 8-10 സീറ്റുകൾ നേടുമെന്നും യുഡിഎഫ് 4 മുതൽ 6 വരെ സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. ഛത്തീസ്ഘട്ടിൽ ബിജെപി 10-11, കോൺഗ്രസ് 0 - 1 എന്നിങ്ങനെയാണ് സർവേ റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam