ലോകത്തേക്കാൾ വേഗത്തിൽ ഇന്ത്യയില്‍ വാക്സിനേഷന്‍ നടക്കുന്നു; പ്രധാനമന്ത്രി സാഹചര്യങ്ങള്‍ വിലയിരുത്തി

By Web TeamFirst Published Sep 11, 2021, 12:02 AM IST
Highlights

കൊവിഡ് വൈറസിന്‍റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി പഠനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദില്ലി: രാജ്യം നേരിടുന്ന കൊവിഡ്  പ്രതിസന്ധി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ലോകത്തേക്കാള്‍ വേഗത്തില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നതായി യോഗം വിലയിരുത്തി. വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ ഉന്നത ഉദ്യോസ്ഥര്‍ പങ്കെടുത്തു.    

മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍ പരിഗണിക്കുമ്പോൾ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് വൈറസിന്‍റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി പഠനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി രാജ്യത്ത് 28 ലാബുകള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 
 
കൊവിഡ് ചികിത്സ മെച്ചപ്പെടുത്തുന്നതിന് ഐസൊലേഷൻ കിടക്കകൾ, ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് വെന്റിലേറ്ററുകൾ കൂടുതല്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍  പ്രധാനമന്ത്രിയെ അറിയിച്ചു.  വരും മാസങ്ങളിൽ കൂടുതല്‍  ഐസിയു കിടക്കകളും ഓക്സിജൻ കിടക്കകളും സജ്ജമാക്കും.  ഓക്സിജൻ ലഭ്യത വര്‍ദ്ധിപ്പിക്ക ണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ആവർത്തിച്ച് ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രാജ്യം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തിൽ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നടത്തുന്നുണ്ട്. ഓഗസ്റ്റ്- സെപ്തംബര്‍ കാലയളവില്‍ 180 മില്ല്യണ്‍ ഡോസ് വാക്സിന്‍ രാജ്യത്തൊട്ടാകെ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഒരു ദിവസം ശരാശരി 68 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കപ്പെടുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട  കണക്ക് വ്യക്തമാക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!