മോദി സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് രാഹുൽ; മുതലക്കണ്ണീർ എന്ന് ബിജെപി

By Web TeamFirst Published Sep 10, 2021, 4:55 PM IST
Highlights

ബിജെപി കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. അതേസമയം, കോൺഗ്രസ് കശ്മീരി പണ്ഡിറ്റുകൾക്കായി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

കശ്മീര്‍: മോദി സർക്കാർ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ  സന്ദർശനത്തിനിടെയായിരുന്നു വിമർശനം. യുപിഎ സർക്കാരിന്‍റെ കാലത്ത് കശ്മീരി പണ്ഡിറ്റുകൾക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ബിജെപി കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

അതേസമയം, കോൺഗ്രസ് കശ്മീരി പണ്ഡിറ്റുകൾക്കായി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. കേന്ദ്രം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് വിറളി പൂണ്ടിരിക്കുകയാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ആയിരുന്നു രാഹുല്‍ കശ്മീരില്‍ എത്തിയത്. കഴിഞ്ഞ മാസവും രാഹുല്‍ ജമ്മു കശ്മീരില്‍ എത്തിയിരുന്നു.

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്‍റെ അടിക്കടിയുള്ള സന്ദര്‍ശനം. രാഹുലിന്‍റെ സന്ദര്‍ശനത്തെ ബിജെപി പരിഹസിച്ചിരുന്നു. രാഹുല്‍ കശ്മീരിലെത്തുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം  പോകുന്നിടത്ത്  കോണ്‍ഗ്രസ് തകരുന്നതാണ് പതിവെന്നുമാണ് ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പ്രതികരിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!