
സമീപകാല തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി സ്ഥാനാർത്ഥികളുടെ വോട്ടവകാശം വലിയ ചർച്ചകൾക്കും കോടതി നിരീക്ഷണങ്ങൾക്കും വഴിയൊരുക്കിയ തെരഞ്ഞെടുപ്പാണിത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി എം വിനുവിന് (സംവിധായകന്‍ വി എം വിനു) തന്‍റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടമായി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയതത് സംബന്ധിച്ച വി എം വിനുവിന്‍റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യങ്ങളൊക്കെ മാധ്യമങ്ങളിലൊക്കെ വരുന്നുണ്ട്. ‘സെലിബ്രറ്റികൾ പത്രം വായിക്കാറില്ലേ’യെന്നു വരെ കോടതി ചോദിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. തന്‍റെ വോട്ട് നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശം താന്‍ പൗരനല്ലെ എന്നാണ് വിവാദ ഘട്ടത്തില്‍ അദ്ദേഹം ചോദിച്ചത്. വോട്ടവകാശത്തിന് പൗരനായാല്‍ മാത്രം മതിയോ? ഇന്ത്യയിലെ വോട്ടവകാശ ചരിത്രം പരിശോധിക്കാം.
സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പു തന്നെ പരിമിതവും നിയന്ത്രിതവുമായ വോട്ടിങ്ങ് രീതി രാജ്യത്തുണ്ടായിരുന്നു. 1857ലെ ഒന്നാം സ്വതന്ത്ര്യ സമരത്തിന് ശേഷം ഭരണത്തില്‍ ഇന്ത്യക്കാരുടെ സഹകരണം കൂടി ഉറപ്പാക്കാനുള്ള ശ്രമം ബ്രിട്ടണ്‍ന്‍റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് 1861 ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് വരുന്നത്. നിയമനിർമ്മാണ പ്രക്രിയയിൽ ഇന്ത്യക്കാരെ കൂടി ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ നിയമം. ഔദ്യോഗികേതര അംഗങ്ങളായി എന്നാൽ ഇതിലേക്കുള്ള അംഗങ്ങളെ വൈസ്രോയി നാമനിർദ്ദേശം ചെയ്യുന്നതായിരുന്നു വ്യവസ്ഥ. 1892ല്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായി. ഇതു പ്രകാരം ഔദ്യോഗികേതര അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. ഇവരെ തെരഞ്ഞെടുക്കുന്നതിന് പരിമിതവും നിയന്ത്രിതവുമായി പരോക്ഷ തെരഞ്ഞുടുപ്പ് അവലംബിക്കാൻ വ്യവസ്ഥ വന്നു.
നിയമനിര്‍മ്മാണ സഭയിലെ ഇന്ത്യക്കാരുടെ പ്രാധിനിത്യം സംബന്ധിച്ച് പിന്നീട് വന്ന നിയമമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്, 1909 മോർലി-മിന്റോ പരിഷ്കാരങ്ങൾ എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇത് പ്രകാരം നിയമസഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും വോട്ടർമാരുടെ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടായില്ല. ഭരണത്തിൽ പരിമിതമായ പങ്കാളിത്തം നൽകിയെങ്കിലും, മുസ്ലീങ്ങൾക്ക് പ്രത്യേക വോട്ടവകാശം നൽകി ദേശീയ പ്രസ്ഥാനത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബ്രിട്ടീഷ് തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതനുസരിച്ച്, മുസ്ലീം സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ മുസ്ലീം വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് അനുമതി നൽകിയിരുന്നു.
വർഗീയത നിയമപരമായി അംഗീകരിക്കുന്ന പരിഷ്ക്കാരമായി ഇത് വിലയിരുത്തപ്പെട്ടു. അന്നത്തെ വൈസ്രോയിയായിരുന്ന ലോർഡ് മിന്റോയിക്ക് 'വർഗീയ വോട്ടവകാശത്തിന്റെ പിതാവ്' എന്ന വിശേഷണത്തിനും ഇത് വഴിയൊരുക്കി. തുടര്‍ന്ന് 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടാണ് പരോഷ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി ഇന്ത്യയില്‍ ആദ്യമായി നേരിട്ടുള്ള തിരഞ്ഞെടുപ്പ് അവതരിപ്പിക്കുന്നത്. എന്നാൽ വോട്ടവകാശം വളരെ ചെറിയ ശതമാനം വരുന്ന പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെട്ടിരുന്നു. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം വോട്ടവകാശം വിപുലീകരിച്ചെങ്കിലും അത് ജനസംഖ്യയിലെ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ലഭിച്ചിരുന്നുള്ളൂ. വോട്ടു ചെയ്യാന്‍ സ്വത്ത്, നികുതി, വിദ്യാഭ്യാസം തുടങ്ങിയവ മാനദണ്ഡമായിരുന്നതാണ് ഇതിന് കാരണം. ഇതുകൊണ്ട് തന്നെ വലിയൊരു ശതമാനം ആളുകളും ഈ അവകാശത്തിന് പുറത്തായിരുന്നു.
1947ൽ സ്വതന്ത്രമായ രാജ്യം ആദ്യ പൊതുതെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നത് 1951ലാണ്. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചു നടന്ന തെരഞ്ഞെടുപ്പ് 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ നാല് മാസത്തോളം നീണ്ടു നിന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണങ്ങളിൽ ഒന്നായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കപ്പെടുന്നത്. 1950 ജനുവരി 25ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായി. ഈ ദിനമാണ് ദേശീയ വോട്ടർ ദിനമായി ആചരിക്കുന്നത്. ഏകദേശം 17.3 കോടി പേർക്കാണ് ആദ്യ തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടായിരുന്നത്. ഇതില്‍ ഏകദേശം 61.16% പേർ വോട്ട് രേഖപ്പെടുത്തി. വലിയൊരു ശതമാനം നിരക്ഷരരായിരുന്ന ഒരു കാലത്ത് സാർവത്രിക പ്രായപൂർത്തി വോട്ടവകാശം വിജയകരമായി നടപ്പിലാക്കി എന്നത് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി കണക്കാക്കുന്നു.
പൗരന്മാരെല്ലാം വോട്ടര്‍മാരല്ല
1951ലെ റെപ്രസെന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ട് പ്രകാരം ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വോട്ടു ചെയ്യുന്ന വ്യക്തി ഇന്ത്യന്‍ പൗരനായിരിക്കണം എന്നത്. കൂടാതെ വ്യക്തിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. 1988 വരെ ഇത് 21 വയസ് ആയിരുന്നു. ഭരണഘടനയിലെ 61-ാം ഭേദഗതി പ്രകാരമാണ് ഈ പ്രായപരിധി 18 ആയി കുറച്ചത്. മറ്റൊരു പ്രധാനകാര്യം വോട്ട് ചെയ്യുന്ന വ്യക്തിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കണം എന്നതാണ്. സാധാരണ താമസിക്കുന്ന മണ്ഡലത്തിലാണ് വോട്ട് ചെയ്യാൻ സാധിക്കുക. ഒരു വ്യക്തിക്ക് ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേരുണ്ടാകാൻ പാടില്ല. വോട്ടവകാശവുമായി ബന്ധപ്പെട്ട് ചില ആയോഗ്യതകളും ഉണ്ട്. കോടതി ഒരു വ്യക്തിക്ക് മാനസിക നില തെറ്റാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ, തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ പ്രവർത്തനങ്ങളാൽ അയോഗ്യനാക്കപ്പെട്ടാൽ, ജയിലിൽ തടവിൽ കഴിയുന്ന വ്യക്തികൾ ഇവർക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല.
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനമായിരുന്നു സാർവത്രിക പ്രായപൂർത്തി വോട്ടവകാശം. ഭരണഘടനയുടെ ആർട്ടിക്കിൾ 326 പ്രകാരം എല്ലാ പൗരന്മാർക്കും സാർവത്രിക പ്രായപൂർത്തി വോട്ടവകാശം ഉറപ്പാക്കുന്നുണ്ട്. ജാതി, മതം, വംശം, ലിംഗഭേദം, വിദ്യാഭ്യാസം, സാമ്പത്തിക നില എന്നിവ പരിഗണിക്കാതെ പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ട് ചെയ്യാനുള്ള അവകാശമാണിത്. നിലവിൽ, ഇന്ത്യയിൽ വോട്ടവകാശം എന്നത് നിയമപരമായ അല്ലെങ്കില്‍ ഭരണഘടനാപരമായ അവകാശമാണ്, അതൊരു മൗലികാവകാശമല്ല. എങ്കിലും, ജനാധിപത്യത്തില്‍ വോട്ടവകാശം ഏറ്റവും അടിസ്ഥാനപരവും അവിഭാജ്യവുമാണ്.