
ദില്ലി : ഒരു വാഹനാപകടത്തിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമിത വേഗത്തിൽ വന്ന ഒരു ബൊലേറോ ഓവർ ബ്രിഡ്ജിൽ വെച്ച് ചെറിയ ട്രക്കിൽ ഇടിച്ച് മൂന്ന് വട്ടം മറിയുകയും വീണ്ടും നേരെ വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഖൊരഖ്പൂർ-വാരാണസി ഹൈവേയിലെ മജ്‌ഗവാൻ മേൽപ്പാലത്തിന് സമീപത്ത് ശനിയാഴ്ച പുലർച്ചെ 6:15 നാണ് അപകടമുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വാരാണസി ഭാഗത്തു നിന്നും വരികയായിരുന്ന ബൊലേറോ അമിതവേഗത്തിലായിരുന്നു. ഡ്രൈവർക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയും മുന്നിൽ പോവുകയായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബൊലേറോ കാർ വായുവിൽ ഉയർന്നുപൊങ്ങി മറിഞ്ഞു. കൂട്ടിയിടിക്ക് ശേഷവും വാഹനം റോഡിൽ നേരെ നിന്നു. കഷ്ടിച്ച് ആറ് സെക്കൻഡ് മാത്രമാണ് വീഡിയോയിൽ കാണുന്നത്. വാഹനം റോഡിൽ നിന്ന ഉടനെ ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് ഇറങ്ങിയോടിയെന്നാണ് വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.