രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല, മസൂദ് അസറിനെ ആഗോളഭീകരനാക്കിയ നടപടി സ്വാഗതം ചെയ്ത് ഇന്ത്യ

By Web TeamFirst Published May 2, 2019, 5:01 PM IST
Highlights

രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും യുഎന്നിന്‍റേത് ഇന്ത്യക്ക് ഗുണകരമായ തീരുമാനമാണെന്നും വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്‍റേത് ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്നും ഇന്ത്യ. 

ദില്ലി:  ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നടപടി സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം. രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും യുഎന്നിന്‍റേത് ഇന്ത്യക്ക് ഗുണകരമായ തീരുമാനമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാന്‍റേത് ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്നും ഇന്ത്യ വിമര്‍ശിച്ചു. 

ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നത്. യുഎന്നിന്‍റെ പ്രഖ്യാപനത്തിന് പുൽവാമ ഭീകരാക്രമണം കാരണമായി. പാകിസ്ഥാന് വലിയ നയതന്ത്ര തിരിച്ചടിയാണിതെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയാണ് ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.  ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം.  

അതേസമയം, വരുന്ന തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ദേശസുരക്ഷ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. മോദിയുടെ നേട്ടമായി ബി ജെ പി അവതരിപ്പിക്കുമ്പോള്‍ അസറിനെ നേരത്തെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. 

ഭീകരതയോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം. മസൂദ് അസറിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാൻ കാരണം ഇതെന്നാണ് ബി ജെ പിയുടെ വാദം. നയതന്ത്ര രംഗത്ത് രാജ്യത്തിന്‍റെ ഏറ്റവും വലിയ നേട്ടമാണിത്. പക്ഷേ പ്രതിപക്ഷം മാത്രം ഇത് ആഘോഷമാക്കുന്നില്ല. അതേസമയം, അസറിനെ 99 ൽ ബിജെപി സര്‍ക്കാര്‍ വിട്ടയച്ചതാണെന്നാണ് കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നു. 2009 ൽ യുപിഎ സര്‍ക്കാരാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടി തുടങ്ങിയതെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു. യുപിഎ കാലത്തും  പാകിസ്ഥാന് നേരെ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാൻ  മുന്‍ സൈനിക മേധാവിയുടെ പ്രസ്താവന സഹിതം കോണ്‍ഗ്രസ് അവതരിപ്പിക്കുന്നു.

അസറിനെ നേരത്തെ മോചിപ്പിച്ച ബിജെപി ഇപ്പോള്‍ മസൂദ് അസറിന്‍റെ പേരിൽ വോട്ട് തേടുന്നത് അപലപനീയമെന്ന് മായാവതി വിമര്‍ശിച്ചു. മോദിയുടെ കയ്യിൽ രാജ്യം സുരക്ഷിതമെന്ന പ്രചാരണ സജീവമാക്കുമ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളുടെ പട്ടിക നിരത്തുകയാണ് പ്രതിപക്ഷം. 
 

click me!