ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റും, ഇഷ്ടമില്ലാത്തവര്‍ക്ക് രാജ്യം വിടാമെന്ന് ബിജെപി എംപി

Published : Sep 10, 2023, 04:29 PM IST
ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റും, ഇഷ്ടമില്ലാത്തവര്‍ക്ക് രാജ്യം വിടാമെന്ന് ബിജെപി എംപി

Synopsis

കൊൽക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കം ചെയ്യുമെന്നും ദിലീപ് ഘോഷ്

കൊല്‍ക്കത്ത: രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് മാറ്റി ഭാരത് എന്നാക്കി മാറ്റുമെന്ന് ബിജെപി എംപി ദിലീപ് ഘോഷ്. പേരുമാറ്റത്തെ എതിർക്കുന്നവർക്ക് രാജ്യം വിട്ടുപോകാം. കൊൽക്കത്തയിലെ വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്നും പശ്ചിമ ബംഗാളിലെ മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

ഖരഗ്‍പൂരില്‍ ചായ് പേ ചർച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്-  "പശ്ചിമ ബംഗാളിൽ ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമ്പോൾ, കൊൽക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും ഞങ്ങൾ നീക്കം ചെയ്യും. ഇന്ത്യയുടെ പേര് ഭാരത് എന്ന് ഞങ്ങള്‍ പുനർനാമകരണം ചെയ്യും. അത് ഇഷ്ടപ്പെടാത്തവർക്ക് രാജ്യം വിടാൻ സ്വാതന്ത്ര്യമുണ്ട്." 

ഒരു രാജ്യത്തിന് രണ്ട് പേരുണ്ടാവാന്‍ പാടില്ലെന്നും ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ദില്ലിയില്‍ വന്നതിനാല്‍ പേര് മാറ്റാന്‍ പറ്റിയ സമയമാണിതെന്നും മറ്റൊരു മുതിർന്ന ബിജെപി നേതാവ് രാഹുൽ സിൻഹ പറഞ്ഞു. അതേസമയം പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ ഭയക്കുന്നതിനാൽ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് ശന്തനു സെൻ വിമര്‍ശിച്ചു.

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം നേരത്തെ പരന്നിരുന്നു. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് ലോക രാജ്യങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാരെന്നാണ് സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് എന്നത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. 

അതിനിടെ ദില്ലിയില്‍ ജി20 അത്താഴ വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ നേരത്തെ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് അച്ചടിച്ചതും വിവാദമായി. ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലും രാജ്യത്തിന്റെ പേര് പ്രദര്‍ശിപ്പിച്ചത് 'ഭാരത്' എന്നാണ്. രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരത് മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുടെ ഇരിപ്പിടത്തില്‍ ദേശീയ പതാകയ്ക്കും ജി20 മുദ്രയ്ക്കും ഒപ്പം രാജ്യത്തിന്റെ പേര് ഭാരത് എന്നു മാത്രം എഴുതിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും