'കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നത്'; മുന്നറിയിപ്പ് നല്‍കി മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം

By Web TeamFirst Published May 9, 2019, 12:09 PM IST
Highlights

ഇതേ സാമ്പത്തിക നയം തുടര്‍ന്നാല്‍ വൈകാതെ ബ്രസീല്‍, ദക്ഷിണാഫ്രിക്ക രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.  

ദില്ലി: ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം രതിന്‍ റോയ്.  രാജ്യത്തിന്‍റെ സാമ്പത്തിക രംഗം 'മിഡില്‍ ഇന്‍കം ട്രാപ്' (പ്രത്യേക വരുമാനത്തിലൂടെയുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയുടെ പരിധി) അവസ്ഥയിലാണെന്നും ഇതേ സാമ്പത്തിക നയം തുടര്‍ന്നാല്‍ വൈകാതെ ബ്രസീല്‍, ദക്ഷിണാഫ്രിക്ക രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ ഘടനാപരമായ വളര്‍ച്ച നിരക്ക് താഴോട്ടാണ്. 1991 മുതല്‍ കയറ്റുമതിയെ ആശ്രയിച്ചല്ല, പകരം 10 കോടി ജനങ്ങളുടെ ഉപഭോഗ ശേഷിയെ ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ഈ രീതി ശാശ്വതമല്ല. ചൈനയെപ്പോലെയോ ദക്ഷിണ കൊറിയയെപ്പോലെയോ അല്ല നമ്മുടെ വളര്‍ച്ച. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും സംഭവിച്ചതിന് സമാനാണ് ഇന്ത്യയില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഇന്‍കം ട്രാപ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളില്‍ ദാരിദ്ര്യവും കുറ്റകൃത്യവും വര്‍ധിക്കും. 

ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നത് ശരിയാണ്. അതിന് കാരണം ചൈന വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയല്ല എന്നതുകൊണ്ട് മാത്രമാണ്. 6.1 മുതല്‍ 6.6 ശതമാനമെന്ന വളര്‍ച്ച നിരക്ക് മികച്ചത് തന്നെയാണ്. എന്നാല്‍, ചരിത്രത്തില്‍ ഇതിന് മുമ്പും ഇന്ത്യ അതിവേഗത്തില്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപഭോഗം കുറയുമെന്നും വളര്‍ര്‍ച്ച 5-6 ശതമാനത്തില്‍ ഒതുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാറിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചെന്നും തൊഴിലില്ലായ്മ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഉപദേശക സമിതിയിലെ അംഗത്തിന്‍റെ തുറന്നു പറച്ചില്‍ എന്നത് ശ്രദ്ധേയമാണ്. ജിഡിപി പെരുപ്പിച്ച് കാട്ടി രാജ്യം വളരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മോദി സര്‍ക്കാര്‍ പുറത്തുവിട്ട ജിഡിപി നിരക്ക് തെറ്റാണെന്ന് ഐഎംഎഫ് മേധാവി ഗീതാഗോപിനാഥ് വെളിപ്പെടുത്തിയിരുന്നു. ജിഡിപിയെ അടിസ്ഥാനപ്പെടുത്തി മാത്രം സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നത് ശരിയായ മാര്‍ഗമല്ലെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

click me!