കൊവിഡിനെതിരായ പോരാട്ടത്തിൽ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും; ട്രംപിന് മറുപടിയുമായി മോദി

By Web TeamFirst Published Apr 9, 2020, 11:05 AM IST
Highlights

ട്രംപ് ആവശ്യമുന്നയിച്ചതിന് പിന്നാലെ ഗുജറാത്തിൽ ഉത്പാദിപ്പിച്ച മൂന്ന് കോടി ഡോസ് ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്ന് ഇന്ത്യ യുഎസിലേക്ക് കയറ്റി അയച്ചിരുന്നു.


ദില്ലി: തൻ്റെ ആവശ്യപ്രകാരം ഹൈഡ്രോക്സി ക്ളോറോക്വിൻ  മരുന്നുകൾ വിട്ടു തന്നതിന് നന്ദിയറിയിച്ച ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ മാനവരാശി ഒന്നാകെ നടത്തുന്ന പോരാട്ടത്തിൽ സാധ്യമായതെല്ലം ചെയ്യുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. 

പ്രതിസന്ധികൾ സുഹൃത്തുക്കളെ കൂടുതൽ അടുപ്പിക്കും എന്ന ട്രംപിൻ്റെ വാക്കുകളോട് പൂർണായി യോജിക്കുന്നു. ഇന്ത്യ - അമേരിക്ക ബന്ധം എന്നത്തേക്കാളും ശക്തമാണ് ഇപ്പോൾ. കൊവിഡിനെതിരായ മാനവരാശി ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തിൽ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും. ഇവിടെ നമ്മുക്ക് ഒന്നിച്ചു വിജയിക്കാം - ട്രംപിനുള്ള മറുപടിയായി മോദി ട്വിറ്ററിൽ കുറിച്ചു. 

ലോകത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യമാണ് നിലവിൽ അമേരിക്ക. ഈ സാഹചര്യത്തിലാണ് കൊവിഡ് വ്യാപനത്തിന് നല്ലതെന്ന് വിലയിരുത്തപ്പെടുന്ന ഹൈഡ്രോക്സി ക്ളോറോക്വിൻ എന്ന മരുന്നിനായി ട്രംപ് ഇന്ത്യയുടെ സഹായം തേടിയത്. കൊവിഡ് വ്യാപനം രാജ്യത്ത് ശക്തമായതോടെ ഈ മരുന്നിൻ്റെ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. 

ഹൈഡ്രോക്സ് ക്ളോറോക്വിൻ്റെ വലിയ ശേഖരം ഇന്ത്യയുടെ കൈവശമുണ്ടെന്നും അത് ഇന്ത്യ വിട്ടു തന്നില്ലെങ്കിൽ അതിൻ്റേതായ പ്രതികരണമുണ്ടാവുമെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും മോദിയും അമേരിക്കയുടെ മികച്ച സുഹൃത്തുക്കളാണെന്നും അവർ മരുന്ന് വിട്ടുതരുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. 

ട്രംപ് ആവശ്യമുന്നയിച്ചതിന് പിന്നാലെ ഗുജറാത്തിൽ ഉത്പാദിപ്പിച്ച 2.9 കോടി ഡോസ് ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്ന് ഇന്ത്യ യുഎസിലേക്ക് കയറ്റി അയച്ചിരുന്നു. പിന്നാലെ ഇന്ത്യക്ക് നന്ദി പറ മോദിയെ പുകഴ്ത്തിയും ട്രംപിൻ്റെ ട്വീറ്റ് വന്നു. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ലെന്നും കൊവിഡിനെതിരായ പോരാട്ടത്തിൽ മോദിയുടെ നേതൃത്വം ഇന്ത്യയ്ക്ക് മാത്രമല്ല മാനവരാശിക്ക് മൊത്തത്തിൽ ഗുണം ചെയ്യുമെന്നും ട്രംപ് ട്വിറ്ററിൽ  കുറിച്ചു. നിലവിൽ മുപ്പതോളം രാജ്യങ്ങൾ ഹൈഡ്രോക്സ് ക്ളോറോക്വിൻ മരുന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. 

click me!