
ഗുജറാത്ത്: ഗുജറാത്തിലെ 31 സ്വകാര്യ ആശുപത്രികളിൽ കൊവിഡ് 19 രോഗികൾക്കായി ചികിത്സ ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നിലവിൽ അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര, സൂറത്ത് എന്നിവിടങ്ങളിലായി 2200 കിടക്കകളുള്ള കൊവിഡ് ആശുപത്രികളുണ്ട്. 4064 കിടക്കകളുള്ള 31 സ്വകാര്യ ആശുപത്രികൾ കൂടി സജ്ജമാക്കുമെന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പകർച്ചവ്യാധി തടയൽ നിയമ പ്രകാരം ആയിരിക്കും നിയുക്ത ആശുപത്രികളുടെ പ്രവർത്തനം. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കമ്മിറ്റി രൂപീകരിച്ചു. അതുപോലെ ആവശ്യമെങ്കിൽ പാരാമെഡിക്കൽ സ്റ്റാഫിനെയോ ഡോക്ടർമാരെയോ അത്യാവശ്യ സേവനത്തിന് നിയോഗിക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകി.
ഗുജറാത്തിൽ ഇതുവരെ 16 പേരാണ് കൊവിഡ് 19 ബാധ മൂലം മരിച്ചത്. 29 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ട്. ഗുജറാത്തിലെ ജാംനഗറിൽ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഏപ്രിൽ 5 നായിരുന്നു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവയവങ്ങൾ തകരാറിലായതിനെത്തുടർന്ന് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കൾ കുടിയേറ്റ തൊഴിലാളികളാണ്. എന്നാൽ എവിടെ നിന്നാണ് കുട്ടിക്ക് രോഗം വന്നതെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam