വിമാനത്താവളങ്ങൾ അടച്ചിടാനുള്ള തീരുമാനം പിൻവലിച്ചു

By Web TeamFirst Published Feb 27, 2019, 3:52 PM IST
Highlights

പൈലറ്റുമാർക്ക് നൽകിയിരുന്ന നോട്ടാം ജാഗ്രതാ മുന്നറിയിപ്പ് ഇന്ത്യ പിൻവലിച്ചു. അതേസമയം പാകിസ്ഥാനിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ശ്രീനഗർ: ഇന്ത്യാ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. ഇരു രാജ്യങ്ങളുടേയും വ്യോമസേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് സാഹചര്യങ്ങൾ നീങ്ങുന്നു എന്ന സാഹചര്യത്തിലായിരുന്നു ജമ്മു കശ്മീരിലേതടക്കം വടക്കേ ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങൾ അടച്ചിട്ടത്. ഇവിടങ്ങൾ വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചതും പിൻവലിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഇന്ത്യ റദ്ദാക്കി.

ലേ, ജമ്മു, ശ്രീനഗർ, ഷിംല, ഡെറാഡൂൺ, ധരംശാല, ഭുണ്ടർ, ഗഗൽ, ചണ്ഡീഗഡ്, അമൃത്‍സർ എന്നീ വിമാനത്താവളങ്ങളാണ് മൂന്നുമാസത്തേക്ക് അടച്ചിടാൻ നേരത്തേ തീരുമാനിച്ചത്. പൈലറ്റുമാർക്ക് നൽകിയിരുന്ന നോട്ടാം ജാഗ്രതാ മുന്നറിയിപ്പ് (Notice to Airmen to alert aircraft pilots of potential hazards along a flight route) ഇന്ത്യ പിൻവലിച്ചു. അതേസമയം പാകിസ്ഥാനിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള എയർ ഇന്ത്യ സർവീസുകളുടെ വ്യോമപാത പാകിസ്ഥാന് മുകളിലൂടെയാണ്.

ഇന്ന് പതിനൊന്നുമണിക്ക് ശേഷം അടച്ചിട്ട വിമാനത്താവളങ്ങളിൽ നിന്ന് ഒരു വിമാനങ്ങളും പറന്നുയർന്നിട്ടില്ല. ഇവിടേക്ക് വരാനിരുന്ന വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുകയായിരുന്നു. ഈ സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. കശ്മീരിലെ ബുദ്‍ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണതിന് പിന്നാലെയായിരുന്നു വിമാനത്താവളങ്ങൾ അടച്ചിട്ടത്.

click me!